ഡൽഹി: മൂന്നാം വട്ടവും പ്രധാനമന്ത്രിയായി അധികാരമേൽക്കുന്ന നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ന്യൂഡൽഹിയിലെത്തി. ശനിയാഴ്‌ച്ച ഉച്ചയോടെ ഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയ ഹസീനയെ വിദേശകാര്യ സെക്രട്ടറി മുക്തേഷ് പർദേശിയാണ് സ്വാഗതം ചെയ്തത്. പ്രധാനമന്ത്രിയുടെയും കൗൺസിൽ മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിന് ആദ്യ വിശിഷ്ടാതിഥി എത്തിക്കഴിഞ്ഞതായും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന് ഈ സന്ദർശനം കൂടുതൽ ആഴവും ശക്തിയുമേകുമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിൽ കുറിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം ജൂൺ 10ന് ഉച്ചയോടെയാകും ഷെയ്ഖ് ഹസീന ധാക്കയിൽ തിരികെയെത്തുക. അയൽരാജ്യങ്ങൾക്ക് പ്രഥമപരിഗണന നൽകുന്ന മോദി സർക്കാരിന്റെ നയം അനുസരിച്ച് നിരവധി സുഹൃത്ത് രാജ്യങ്ങളിലെ നേതാക്കൾക്കാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുള്ളത്. ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ, മാലദ്വീപ് പ്രധാനമന്ത്രി മുഹമ്മദ് മുയിസു, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.