തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിലും ബാങ്കുകള്‍ കൊള്ള പലിശയാണ് ഈടാക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളത്തിന് ആറായിരം കോടി വായ്പ നല്‍കിയത് ഒമ്പത് ശതമാനം പലിശക്കാണ്. കേന്ദ്ര സാമ്പത്തിക നയത്തിന്റെ പാപ്പരത്തമാണ് ഇത് വെളിവാകുന്നതെന്നും ഐസക് കുറ്റപ്പെടുത്തി.
കേരളം ബാങ്കുകളില്‍ നിന്ന് ആറായിരം കോടി രൂപയാണ് വായ്പയെടുത്തത്. ഈ സാമ്പത്തികവര്‍ഷം ലഭിക്കുന്ന ആദ്യ കമ്പോള വായ്പയാണിത്. ഇതിന്റെ പലിശനിരക്ക് ഞെട്ടിപ്പിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. ക്ഷേമ പെന്‍ഷന്‍ സബ്സിഡി വിതരണത്തിനായാണ് വായ്പ എടുത്തത്. ഈ സമയത്ത് റിസര്‍വ്വ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മഹാമാരി ബോണ്ടിന് സംസ്ഥാനം അനുമതി തേടും. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കും. 5 ശതമാനത്തില്‍ താഴെ പലിശയുള്ള ബോണ്ടിറക്കാന്‍ അനുവദിക്കണമെന്നും ബോണ്ടുകള്‍ റിസര്‍വ് ബാങ്ക് നേരിട്ടു വാങ്ങണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.