തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിലെ കവർച്ച കേസിൽ പിടിയിലായ പ്രതി റിജോ ആന്റണിയെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിജോയെ റിമാൻഡ് ചെയ്തത്. ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പോലീസ് അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷ കോടതി നാളെ പരിഗണിക്കും എന്നാണ് വിവരം. കഴിഞ്ഞ ദിവസം പോട്ടയിലെ ഫെഡറൽ ബാങ്കിലാണ് കവർച്ച നടന്നത്. 15ലക്ഷം രൂപയുമായി കടന്നുകളഞ്ഞ പ്രതിയെയാണ് പിടികൂടിയത്. ഒറ്റയ്ക്ക് സ്‌കൂട്ടറോടിച്ചെത്തി ബാങ്ക് ശാഖയിലെ ജീവനക്കാരെ കത്തിമുനയിൽ ബന്ദിയാക്കി നിർത്തിയാണ് പ്രതി കവർച്ച നടത്തിയത്. ഹെൽമറ്റും മുഖംമൂടിയും ജാക്കറ്റും ധരിച്ചെത്തി കാഷ് കൗണ്ടർ തകർത്താണ് പ്രതി 15 ലക്ഷം രൂപ തട്ടിയെടുത്തത്. മൂന്ന് മിനിറ്റിൽ കവർച്ച നടത്തിയ പ്രതി സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.
ഇന്നലെ രാത്രി വീട്ടിൽ നിന്നാണ് പ്രതിയെ പ്രത്യേക അന്വേഷക സംഘം പിടികൂടിയത്. ഇയാൾ കൊള്ളയടിച്ച 15ലക്ഷം രൂപയിൽ 10 ലക്ഷവും കണ്ടെടുത്തു. കുറ്റം സമ്മതിച്ച പ്രതി കടം വീട്ടാനാണ് കൊള്ളയടിച്ചതെന്നാണ് മൊഴി നൽകിയത്. ആഡംബര ജീവിതമാണ് മോഷണത്തിലേക്ക് പ്രതിയെ നയിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. മോഷണം നടത്താൻ പ്രതി ഉപയോഗിച്ച സ്‌കൂട്ടറും വ്യാജ നമ്പർ പ്ലേറ്റ് വെക്കാൻ ഉപയോഗിച്ച വസ്‌തുക്കളും വീട്ടിൽ നിന്ന് കണ്ടെത്തി. വിദേശത്ത് നഴ്‌സായ ഭാര്യ അയക്കുന്ന പണം മുഴുവൻ ആഢംബര ഹോട്ടലുകളിൽ മദ്യപിച്ചും ഭക്ഷണം കഴിച്ചും ധൂർത്തടിക്കുന്നതാണ് ഇയാളുടെ രീതി. ഭാര്യ അടുത്ത മാസം നാട്ടിലേക്ക് വരും മുമ്പ് പണം തിരിച്ചുവെക്കാൻ വേണ്ടിയാണ് ബാങ്ക് കൊള്ളയടിച്ചത്. പോലീസിനെ കബളിപ്പിക്കാനായി നടത്തിയ നീക്കങ്ങളെല്ലാം പൊളിച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. കേരള പോലീസിന്റെ ടീം വർക്കിന്റെ വിജയമാണിതെന്ന് റൂറൽ എസ്‌പി ബി കൃഷ്ണകുമാർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
ബാങ്കിന് സമീപമുള്ള പള്ളിയിൽ വരുന്നതിനിടയിൽ ബാങ്കിൽ സുരക്ഷ ജീവനക്കാരനില്ലെന്ന് മനസ്സിലാക്കിയിരുന്നു. മോഷണം നടത്തുന്നതിന് മുമ്പ് ബാങ്കിലെത്തി കാര്യങ്ങൾ മനസ്സിലാക്കി. ഉച്ചഭക്ഷണ സമയത്ത് ബാങ്കിൽ ജീവനക്കാർ കുറവായിരിക്കുമെന്ന് തിരിച്ചറിഞ്ഞ് ആ സമയം തെരഞ്ഞെടുത്തു. പ്രതി എത്തിയപ്പോൾ മാനേജരും പ്യൂണും മാത്രമാണ് ബാങ്കിലുണ്ടായിരുന്നത്. ഇവരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷമാണ് പണം കവർന്നത്. ചാലക്കുടി ഡിവൈഎസ്‌പി കെ സുമേഷിന്റെ നേതൃത്വത്തിൽ 25 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്.