കൊച്ചി: കൊറോണയില്‍ പൊറുതി മുട്ടിയ ജനത്തിന് ബാങ്കിന്റെ വക ഇരുട്ടടി അടുത്ത ആഴ്ചയില്‍ ബാങ്കുകള്‍ മൂന്നു ദിവസം മാത്രമേ തുറന്നു പ്രവര്‍ത്തിക്കൂ. പൊതു ബാങ്ക് അവധികള്‍, പണിമുടക്ക് എന്നിവ കാരണം അടുത്ത ആഴ്ച മൂന്ന് ദിവസങ്ങള്‍ മാത്രമേ ബാങ്കുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. 10 പൊതുമേഖലാ ബാങ്കുകളുടെ മെഗാ ലയനത്തിനെതിരെ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി ചേര്‍ന്ന് മാര്‍ച്ച് 27നാണ് സമരം നടത്തുന്നത്. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും സമരത്തിന്റെ ഭാഗമാകും.
അടുത്ത തിങ്കള്‍, ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും. അതേ സമയം ബുധനാഴ്ച ഉഗാധി, തെലുഗു ന്യൂ ഇയര്‍ എന്നിവ പ്രമാണിച്ചും, വെള്ളി സമരമായതിനാലും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പിന്നീട് വരുന്ന രണ്ടു ദിവസങ്ങള്‍ പൊതു ബാങ്ക് അവധിയാണ്. വേതനം സംബന്ധിച്ച് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനുമായി നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബാങ്ക് യൂണിയനുകള്‍ മാര്‍ച്ച് 11 മുതല്‍ 3 ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് അത് മാറ്റിയിരുന്നു. മുമ്പ് ജനുവരി 31, ഫെബ്രുവരി 1 തുടങ്ങിയ തീയതികളില്‍ നടന്ന പണിമുടക്ക് ബാങ്കിംഗ് സേവനങ്ങളെ കാര്യമായി ബാധിച്ചിരുന്നു.
10 പൊതുമേഖലാ ബാങ്കുകളുടെ മെഗാ ലയന പദ്ധതി ഏപ്രിൽ 1 മുതലാണ് പ്രാബല്യത്തിൽ വരിക. ലയന പദ്ധതി സർക്കാർ പിൻവലിക്കണമെന്ന് ബാങ്ക് യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ കോർപ്പറേറ്റുകളുടെ നിക്ഷിപ്ത താൽപ്പര്യങ്ങൾക്ക് അനുസൃതമായി ബാങ്കുകൾ കൈമാറുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തുടർച്ചയായുള്ള സർക്കാരുകൾ പൊതുമേഖലാ വിരുദ്ധ ബാങ്കിംഗ് നയങ്ങൾ പിന്തുടരുന്നത് നിർഭാഗ്യകരമാണെന്ന് എ.ബി.ബി.എ ജനറൽ സെക്രട്ടറി സി എച്ച് വെങ്കടാചലം പറഞ്ഞു.