അടൂര്‍ : തമിഴ്‌നാട്ടില്‍ നിന്നും കുറഞ്ഞവിലയ്ക്ക് വാങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനയ്ക്കു കൊണ്ടുവന്ന നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടികൂടി. വിപണിയില്‍ ഏകദേശം നാലു ലക്ഷത്തോളം വിലവരുന്ന ഹാന്‍സ്, ഗണേഷ് തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട പുകയില ഉല്പന്നങ്ങളാണ് ജില്ലാ ആന്റിനാര്‍കോട്ടിക് ടീം പിടിച്ചെടുത്തത്. അടൂര്‍ നെല്ലിമുകള്‍ സ്വദേശി അജിത് കുമാര്‍ (44) അറസ്റ്റിലായി. അടൂര്‍ സ്വദേശിയായ ജയകുമാറിന് വേണ്ടി കാറില്‍ കടത്തികൊണ്ടുവരുമ്പോള്‍ അടൂര്‍ മരൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപമാണ് കാറുള്‍പ്പടെ ഇയാളെ കസ്റ്റഡിയിലെടുത്തത്. ജയകുമാറിനെ പിടികൂടാനായില്ല.
ഹാന്‍സിന്റെ 6000 പായ്ക്കറ്റും ഗണേഷിന്റെ 1300 പായ്ക്കറ്റും കൂള്‍ എന്ന് പേരുള്ള മറ്റൊരു നിരോധിത പുകയില ഉല്പന്നത്തിന്റെ 1092 പായ്ക്കറ്റും ഉള്‍പ്പടെ 8392 പൊതികളാണ് പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യസന്ദേശത്തെതുടര്‍ന്ന് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി: ആര്‍.ജോസിന്റെ നിര്‍ദ്ദേശാനുസരണം എസ്.ഐ രഞ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആസൂത്രിത നീക്കത്തിലൂടെ ഇവ പിടിച്ചെടുത്തത്.
കെഎല്‍-02 എഫ് 5040 നമ്പര്‍ എസ്റ്റിം കാറിലാണ് പുകയില ഉല്പന്നങ്ങള്‍ കടത്തിയത്. കാലങ്ങളായി പഴയ കാറുകള്‍ കുറഞ്ഞവിലയ്ക്ക് വാങ്ങി സംസ്ഥാനാന്തര കടത്ത് നടത്തിവന്നിരുന്ന സംഘത്തിലെ അംഗമാണ് അജിത്കുമാര്‍. സംഘത്തിന് നേതൃത്വം കൊടുക്കുന്നയാളെന്ന് കരുതുന്ന ജയകുമാര്‍ വിവിധ കേസുകളിലെ പ്രതിയാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നതായി ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. കുറഞ്ഞവിലയ്ക്ക് തമിഴ്‌നാട്ടില്‍ നിന്നും വാങ്ങി അതിര്‍ത്തി കടത്തി കൊണ്ടുവരുന്ന നിരോധിത പുകയില ഉല്പന്നങ്ങള്‍ വന്‍ലാഭത്തിലാണ് വിറ്റഴിച്ചു വരുന്നത്. ഇത്തരക്കാരെ പിടികൂടാന്‍ ശക്തമായ റെയ്ഡുകള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ യു.ബിജു, എസ്.ഐ ഷാജിമോന്‍,ജില്ലാ ആന്റിനാര്‍കോട്ടിക് എസ്.ഐ രഞ്ജു, ജിഎസ്‌ഐ രാധാകൃഷ്ണന്‍ ( കൂടല്‍ പിഎസ്) ജിഎഎസ്‌ഐ മാരായ ടി ഡി ഹരികുമാര്‍ (തിരുവല്ല പി എസ് ), എസ്.വില്‍സണ്‍ (എആര്‍ ക്യാമ്പ്), സിപിഒ ശ്രീരാജ് (പത്തനംതിട്ട പി.എസ് ) എന്നിവരും ഉണ്ടായിരുന്നു.