കോന്നി : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ജില്ലാതല എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കോന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഏഴു ഗ്രാമപഞ്ചായത്തുകളില്‍ പരിശോധന നടത്തി. വ്യാപാര സ്ഥാപനങ്ങള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, ഇറച്ചി സ്റ്റാളുകള്‍, ഹോട്ടലുകള്‍, എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും പിഴ ഈടാക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ജലാശയങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വരുംദിവസങ്ങളിലും പരിശോധനകള്‍ കര്‍ശനമാക്കും.
പൊതു സ്ഥലത്ത് മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെയും മാലിന്യങ്ങള്‍ കത്തിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കും. ചെറുകിട കച്ചവടക്കാര്‍ക്കും വഴിയോര കച്ചവടക്കാര്‍ക്കും വാഹനങ്ങളില്‍ പ്ലാസ്റ്റിക് കാരി ബാഗുകള്‍ എത്തിച്ചു നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വാഹനം അടക്കം പിടിച്ചെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ജില്ലാതല എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു.