ബംഗളൂരു: കര്‍ണാടക ബിജെപി പ്രതിസന്ധി തുടരുന്നതിനിടെ പ്രതികരണവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. മുതിര്‍ന്ന നേതാക്കള്‍ അതൃപ്തിയുള്ള നേതാക്കളുമായി സംസാരിക്കുന്നുണ്ടെന്നും ഭിന്നത ഉടന്‍ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കാത്ത നിരവധി മുതിര്‍ന്ന നേതാക്കളില്‍ നിന്ന് പാര്‍ട്ടി വിമത നീക്കം നേരിടുന്നതിനിടെയാണ് പ്രതികരണം. അതൃപ്തരായ നേതാക്കള്‍ക്കു കാര്യം ബോധ്യപ്പെട്ടു. പാര്‍ട്ടിയില്‍ എന്ത് അതൃപ്തി നിലനില്‍ക്കുന്നുണ്ടെങ്കിലും അത് ഉടന്‍ പരിഹരിക്കും. പാര്‍ട്ടി പ്രവര്‍ത്തകര്‍ ശക്തരായതിനാല്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടാകില്ല. മിക്ക ജില്ലകളിലെയും ഭിന്നത ഉടന്‍ അവസാനിക്കുമെന്നും ബൊമ്മൈ പറഞ്ഞു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് രണ്ട് എംഎല്‍എമാര്‍ കൂടി രാജിവെച്ചു. രണ്ടാം ഘട്ട പട്ടിക പുറത്തിറക്കിയതിനു പിന്നാലെയാണ് എംഎല്‍എമാര്‍ രാജിവെച്ചത്. മുദിഗരൈയിലെ എംഎല്‍എയായ എം പി കുമാരസ്വാമിയും ഹവേരി എംഎല്‍എയായ നെഹ്‌റു ഒലേക്കറുമാണ് ഇന്ന് രാജിവെച്ചത്. സിറ്റിങ് എംഎല്‍എമാരില്‍ ഒഴിവാക്കപ്പെട്ട 27 പേരില്‍ ഉള്‍പ്പെട്ടതാണ് രാജിവെച്ച രണ്ടുപേരും. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാജിവെച്ചവര്‍ ഉന്നയിക്കുന്നത്.