തിരുവനന്തപുരം : സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റം ചുമത്തലിന് മുന്നോടിയായി കുറ്റപത്രത്തിന്‍മേല്‍ വാദം ബോധിപ്പിക്കാന്‍ ഉത്തരവിട്ട് സെഷന്‍സ് കോടതി. നവംബര്‍ ഒന്നിന് പ്രോസിക്യൂഷനും പ്രതികളും വാദം ബോധിപ്പിക്കണമെന്നാണ് ഉത്തരവ്.
ഒന്നാം പ്രതിയായ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനും രണ്ടാം പ്രതി വഫാ നജീമും കഴിഞ്ഞദിവസം കോടതിയില്‍ ഹാജരായിരുന്നില്ല. കീഴ് കോടതിയില്‍ നിന്നും ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 207 പ്രകാരം വിചാരണയില്‍ പോസിക്യൂഷന്‍ ആശ്രയിക്കുന്ന രേഖകളുടെ പകര്‍പ്പുകിട്ടിയോയെന്ന കോടതിയുടെ ചോദ്യത്തിന് ലഭിച്ചുവെന്ന് പ്രതിഭാഗം അഭിഭാഷകര്‍ ബോധിപ്പിച്ചു.
തുടര്‍ന്ന് നവംബര്‍ ഒന്നിന് രണ്ടു പ്രതികളും ഹാജരാകാനും സെഷന്‍സ് ജഡ്ജി മിനി എസ് ദാസ് ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് വിചാരണ ചെയ്യുന്നത്. കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍ ഇരു പ്രതികളുടെയും അഭിഭാഷകര്‍ക്ക് കമിറ്റല്‍ കോടതിയായ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 2020 ഫെബ്രുവരി 24 ന് നല്‍കിയിരുന്നു. സി ഡികള്‍ ഉള്‍പ്പെടെയുള്ള രേഖകളുടെ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കിയ ശേഷം കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് കമിറ്റ് ചെയ്യുകയായിരുന്നു. കേസ് സെഷന്‍സ് കോടതിയിലേക്ക് കമിറ്റ് ചെയ്തതിന് ശേഷം കഴിഞ്ഞമാസം ഒന്‍പതിന് പ്രതികള്‍ നേരിട്ട് കോടതിയില്‍ ഹാജരായിരുന്നു.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് കേസിനാസ്പദമായ അപകടം നടന്നത്. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യ ലഹരിയില്‍ രണ്ടാം പ്രതിയായ വഫക്കൊപ്പം വഫയുടെ വോക്സ് വാഗണ്‍ കാറില്‍ കവടിയാര്‍ ഭാഗത്തു നിന്നും അമിതവേഗതയില്‍ കാറോടിച്ച് മ്യൂസിയം പബ്ലിക് ഓഫീസിന് മുന്‍വശം റോഡില്‍ വച്ച് ബഷീറിനെ ബൈകിന്റെ പുറകുവശത്തേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ബഷീറിനെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.