ന്യൂഡല്‍ഹി : പബ്ജി ഗെയിമിന്റെ ഇന്ത്യന്‍ പതിപ്പായ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിമും നിരോധിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഗൂഗിളും ആപ്പിളും ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ബ്ലോക്ക് ചെയ്തത്. ഗൂഗിൾ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. സർക്കാരിന്‍റെ ആവശ്യം അനുസരിച്ച് ഗെയിം നീക്കം ചെയ്തു എന്നായിരുന്നു ഗൂഗിളിന്‍റെ പ്രസ്താവനയിൽ പറഞ്ഞത്. ഇന്ന് മുതൽ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഗെയിം ഡൗൺലോഡ് ചെയ്യാൻ കഴിയില്ല. ഗെയിം കളിക്കാന്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് 16കാരന്‍ മാതാവിനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവവുമായിബന്ധപ്പെട്ടാണ് കേന്ദ്രത്തിന്റെ നീക്കം.
കഴിഞ്ഞ മാസമാണ് 16 വയസുകാരന്‍ അമ്മയെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇതേതുടര്‍ന്ന് ഗെയിമിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രഹാര്‍ എന്ന എന്‍ജിഒ ഹര്‍ജി സമര്‍പ്പിച്ചു. രാജ്യത്ത് നേരത്തെ നിരോധിച്ച പബ്ജി തന്നെയാണ് ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ എന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഇതേ തുടര്‍ന്നാണ് കേന്ദ്രം ഗെയിം നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തത്.
2020 സെപ്തംബറില്‍ വ്യക്തിഗത സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രം നിരോധിച്ചതിനു പിന്നാലെ ഇന്ത്യയില്‍ ഗെയിം തിരികെയെത്തിക്കാന്‍ പബ്ജി ശ്രമം ആരംഭിച്ചിരുന്നു. ഇതിനായി കഴിഞ്ഞ വര്‍ഷം ജൂണില്‍ പബ്ജി ഇന്ത്യന്‍ പതിപ്പ് ഇവര്‍ പുറത്തിറക്കിയത്. ഇത് ഇന്ത്യന്‍ മാര്‍ക്കറ്റിനുവേണ്ടി പ്രത്യേകമായി തയാറാക്കിയതാണ്.