പാലക്കാട് : ബവ്കോ ഔട്ട്‌ലെറ്റുകളിലെ വന്‍തിരക്കു കുറയ്ക്കാനും വൃത്തിയുളള അന്തരീക്ഷത്തില്‍ വില്‍പ്പനയും വാങ്ങലും ഉറപ്പാക്കാന്‍ സ്വീകരിക്കേണ്ട ആശയങ്ങളും തേടി ഔട്ട്‌ലെറ്റുകളില്‍ എക്സൈസ് വകുപ്പിന്റെ പ്രത്യേക സര്‍വേ. സംസ്ഥാനത്തെ മുഴുവന്‍ വില്‍പ്പനശാലകളിലും രണ്ടുദിവസമായി നടക്കുന്ന സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രായോഗിക നടപടി സ്വീകരിക്കാനും അക്കാര്യം ഹൈക്കോടതിയെ അടുത്തയാഴ്ച അറിയിക്കാനുമാണ് വകുപ്പ് തീരുമാനം. വര്‍ഷങ്ങള്‍ക്കുമുന്‍പ് ആരംഭിച്ച നിലവിലെ വില്‍പന സംവിധാനം പുതിയ സാഹചര്യങ്ങള്‍ക്കു തീരെ യോജിക്കുന്നില്ലെന്നാണു പൊതു അഭിപ്രായം.
ഉദ്യോഗസ്ഥരും ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിരുന്നു. വകുപ്പിനുളളിലും വിഷയത്തില്‍ ചര്‍ച്ച നടക്കുന്നതായാണ് വിവരം. ജനസാന്ദ്രത കൂടിയ സ്ഥലങ്ങളിലെ ഔട്ട്‌ലെറ്റുകള്‍ പരിസരത്തുളള വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന സ്ഥിതിയുണ്ട്. ഔട്ട്‌ലെറ്റുകള്‍ അനുവദിക്കുന്നതിലെ ദൂരപരിധി കുറയ്ക്കണമെന്ന അഭിപ്രായവും ഉയര്‍ന്നുകഴിഞ്ഞു.
കൈവശം വയ്ക്കാവുന്ന വിദേശമദ്യത്തിന്റെ അളവ് വര്‍ധിപ്പിക്കുക, ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കുക. ഉപഭോക്താക്കള്‍ക്ക് മദ്യം വാങ്ങാനുളള പെര്‍മിറ്റ് നല്‍കല്‍ തുടങ്ങിയ നിര്‍ദേശങ്ങളും ഉയര്‍ന്നു. റോഡുകളിലേക്കു നീളുന്ന ക്യൂവും തിരക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്നത് പരിഗണിച്ചാണ് ഉപഭോക്താവിന്റെ മാന്യത നിലനിര്‍ത്തുന്ന വില്‍പ്പനകേന്ദ്രങ്ങളും വിതരണവും വേണമെന്നു ഹൈക്കോടതി വ്യക്തമാക്കിയത്.
വിഷയത്തില്‍ കോടതിയലക്ഷ്യ ഹര്‍ജിയും പരിഗണനയിലാണ്. ഇതിനിടയിലാണു ബവ്റിജസ് കോര്‍പറേഷന്‍ ഓഡിറ്റ് വിഭാഗം, എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്, അസിസ്റ്റന്റ് കമ്മിഷണര്‍, വിമുക്തി പദ്ധതി മാനേജര്‍മാര്‍, കണ്‍സ്യൂമര്‍ഫെഡ് പ്രതിനിധി, എക്സൈസ് സിഐ എന്നിവരുള്‍പ്പെട്ട സംഘത്തിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലെയും ഔട്ട്‌ലെറ്റുകള്‍ സന്ദര്‍ശിച്ചു കണക്കെടുക്കലും പ്രവര്‍ത്തന വിലയിരുത്തലും നടത്തുന്നത്.
ഷോപ്പുകള്‍ അനുവദിക്കാന്‍ സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍നിന്നു നിയമപരമായ 200 മീറ്റര്‍ അകലം 100 മീറ്റര്‍ ആയിക്കുറച്ചാലുണ്ടാകുന്ന സാഹചര്യവും സര്‍വേയില്‍ പരിശോധിക്കുന്നു. ജില്ലാതല സര്‍വേയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥ സംഘത്തിനും നിര്‍ദേശങ്ങള്‍ അറിയിക്കാനുളള അവസരമുണ്ട്.
ഷോപ്പുകളിലെ പ്രതിദിന ശരാശരി വില്‍പന, അവിടെ എത്തുന്നവരുടെ എണ്ണം, ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പഴക്കം, കൗണ്ടറുകളുടെ എണ്ണം, വരുമാനം, പരാതിപുസ്തകം സൂക്ഷിക്കുന്നുണ്ടോ, അകലം, മാസ്ക് എന്നിവയുള്‍പ്പെടെ കോവിഡ് പ്രതിരോധചട്ടം പാലിക്കപ്പെടുന്നുണ്ടോ, ക്യൂ മറ്റുസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് തടസ്സമാകുന്ന സ്ഥിതി, ചെലവാകുന്ന മദ്യത്തിന്റെ അളവ്, ശുചിമുറി സൗകര്യം തുടങ്ങിയ വിഷയങ്ങളിലുള്ള ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് സര്‍വേ.
ബവ്കോയ്ക്ക് 303 ഔട്ട്‌ലെറ്റുകളും 606 ബാറുകള്‍, 210 ബിയര്‍പാര്‍ലറുകള്‍ ഈ ഔട്ട്‌ലെറ്റുകളില്‍ നിന്നായി വര്‍ഷം 15,000 കോടി രൂപയാണു സംസ്ഥാന സര്‍ക്കാരിന്റെ ശരാശരി വരുമാനം. അതേസമയം തമിഴ്‌നാട്ടില്‍ വിദേശമദ്യവില്‍പന ഏജന്‍സിയായ ടാസ്ക് മാസ്കിന്റെ കീഴില്‍ 5,600 ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. മൊത്തം വാര്‍ഷികവരുമാനം ഏതാണ്ട് 55,000 കോടി രൂപ വരും. കര്‍ണാടകത്തിലും ഔട്ട്‌ലെറ്റുകളുടെ എണ്ണവും വരുമാനവും കൂടുതലാണ്. സാധാരണ സമയങ്ങളില്‍ രണ്ടു സംസ്ഥാനങ്ങളിലും നീണ്ട ക്യൂവും തിരക്കും അനുഭവപ്പെടുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയുംപ്പോലെ ഔട്ട്‌ലെറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതു തിരക്ക് ഒഴിവാക്കാനും ആരോഗ്യപരമായ സാഹചര്യം ഉണ്ടാക്കാനും സഹായിക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ അഭിപ്രായമെങ്കിലും അതു എതിര്‍പ്പിനിടയാക്കുമോ എന്ന രാഷ്ട്രീയ ആശങ്കയാണ് ഭരണ നേതൃത്വത്തിനുളളത്. അതെന്തായാലും ഹൈക്കോടതിയുടെ തീര്‍പ്പിന് വിധേയമായി താമസിയാതെ മേഖലയില്‍ മാറ്റം നടപ്പാകുമെന്നാണ് സൂചന.