തിരുവനന്തപുരം: അർജന്റീന ടീം കേരളത്തിൽ എത്തുമോ ഇല്ലയോ എന്നതിൽ ഒരു വ്യക്തതയും ഇല്ലെങ്കിലും മെസ്സിക്കും സംഘത്തിനും ഗ്രൗണ്ട് ഒരുക്കുന്ന കാര്യത്തിൽ വിവാദം തുടങ്ങിയിട്ടുണ്ട്. അർജന്റീന ടീം കേരളത്തിൽ എത്തിയാൽ തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന് പ്രഥമ പരിഗണന നൽകുമെന്നാണ് കായികമന്ത്രി വി.അബ്ദുറഹ്മാൻ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ ഫുട്ബാൾ മത്സരം നടത്തിയാൽ വനിത ഏകദിന ലോകകപ്പിന് ഗ്രീൻഫീൽഡ് വേദിയാക്കില്ലെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബിസിസിഐ. മന്ത്രി സൂചിപ്പിച്ച ദിവസങ്ങളിൽ തന്നെയാണ് ലോകകപ്പും നടക്കുന്നത് എന്നത് കൊണ്ട് ബിസിസിഐ മുന്നറിയിപ്പിൽ കാര്യവുമുണ്ട്. ബിസിസിഐ എപ്പക്സ് കൗൺസിൽ യോഗത്തിലായിരുന്നു കാര്യവട്ടം സ്പോർട്സ് സ്റ്റേഡിയം വേദിയായി തീരുമാനിച്ചത്.
മൂന്നിലേറെ മത്സരങ്ങൾ ഇവിടെ നടക്കും എന്നായിരുന്നു സൂചന. ഇതിനായുള്ള ഒരുക്കങ്ങളും കേരള ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ആരംഭിച്ചിരുന്നു. എട്ടു പിച്ചുകളാണ് നിലവിൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ളത്. അസോസിയേഷൻ സ്വന്തം ചിലവിൽ ഫ്ലഡ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. ഐ.സി.സി അംഗീകാരം ലഭിച്ചശേഷം മത്സരങ്ങൾ പ്രഖ്യാപിക്കാൻ ഇരിക്കെയാണ് സ്റ്റേഡിയത്തിൽ ഫുട്ബാൾ മത്സരം നടത്താൻ ഒരുങ്ങുന്നത്. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ അർജന്റീന മത്സരം നടത്തുന്നതിൽ സാങ്കേതിക തടസ്സമുള്ളത് കൊണ്ടാണ് ഗ്രീൻഫീൽഡിന് നറുക്ക് വീണത്. സ്റ്റേഡിയത്തിന് വേണ്ടത്ര ഫിറ്റ്നസ് ഇല്ലാത്തതും സുരക്ഷ പ്രശ്നങ്ങളും കാരണം കലൂരിൽ കളിനടത്താൻ കഴിയാത്ത സാഹചര്യമാണ്.
സ്റ്റേഡിയത്തിന് ചുറ്റും കടകൾ പ്രവർത്തിക്കുന്നതും കളിക്കാരും കാണികളും ഒരേ വഴിയിലൂടെ പ്രവേശിക്കുന്നതും ഫിഫ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.അതേസമയം, മെസ്സി വരുമോ ഇല്ലയോ എന്ന കാര്യത്തിൽ തർക്കം പുരോഗമിക്കുകയാണ്. മെസ്സി കേരളത്തിൽ വരും, അതിൽ ഒരു സംശയവും വേണ്ടന്ന് കായിക വകുപ്പ് മന്ത്രി വീണ്ടും ആവർത്തിച്ചു. ഒക്ടോബർ അല്ലെങ്കിൽ നവംബറിൽ അർജൻറീന ടീം കേരളത്തിൽ എത്തും. എതിർ ടീമിനെ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.