കോന്നി: ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിന് മലയാളബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലപാട് 2002 ലെ സുപ്രിംകോടതി ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധിയുടെ ലംഘനമാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പത്മകുമാർ പറഞ്ഞു. ബി.ഡി.ജെ. എസ് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോന്നി കോന്നി മിനി സിവിൽ സ്റ്റേഷന് മുൻപിൽ നടത്തിയ ധർണ്ണ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവോത്ഥാന നായകന്മാർ സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളിലൂടെ നേടിയെടുത്ത സാമൂഹ്യനീതിയുടെ ലംഘനമാണെന്നും രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും തലപ്പത്ത് പിന്നോക്ക, ദളിത് വിഭാഗങ്ങളിൽപ്പെട്ടവർ ഉള്ളപ്പോൾ ദേവസ്വം ബോർഡിന്റെ ഇത്തരം നടപടികൾ അപമാനകരമാണെന്നും കെ. പത്മകുമാർ പറഞ്ഞു.
ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി കൂടൽ നോബൽ കുമാർ അധ്യക്ഷത വഹിച്ചു. ടി.പി. സുന്ദരേശൻ, പ്രകാശ് കിഴക്കുപുറം, ജഗത്പ്രിയ, പ്രസന്നൻ കുറിഞ്ഞിപ്പുഴ, വൈഷ്‌ണവി സതീഷ്, ഇ.വി. ഷാജി, കെ.ബി. മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.