ദില്ലി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയെന്ന അറിയിപ്പ് വന്നതോടെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സാജീവമായിരിക്കുകയാണ്. വയനാട് സീറ്റ് ബിഡിജെഎസിന് നല്‍കണമെന്ന ആവശ്യം ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പിള്ളി പാര്‍ട്ടിയെ അറിയിച്ചുകഴിഞ്ഞു. പാര്‍ട്ടി വൃത്തങ്ങള്‍ക്കിടയിലും വയനാട് ബിഡിജെഎസിന് വേണമെന്ന ആവശ്യം ശക്തമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ഡല്‍ഹിയിലുള്ള തുഷാര്‍ വെള്ളാപ്പിള്ളി ബിജെപി കേന്ദ്ര നേതൃത്വത്തെ കാണും. ഇന്ന് ബിഡിജെഎസ് നേതാക്കള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
കഴിഞ്ഞ പ്രാവശ്യം രാഹുല്‍ ഗാന്ധിക്ക് എതിരെ വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് തുഷാര്‍ തന്നെയായിരുന്നു. അന്ന് 6.22 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തായിരുന്നു തുഷാര്‍. അതേസമയം കോടതിയില്‍ നിന്നും രാഹുലിന് സ്റ്റേ ലഭിച്ചില്ലെങ്കിലാകും ഉപതെരഞ്ഞെടുപ്പെന്നതിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെത്തുക. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയെന്ന അറിയിപ്പ് ലോക്സഭ സെക്രട്ടറിയേറ്റ് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. വിഷയം നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യുന്നുവെന്ന സൂചനയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ നല്കുന്നത്.