മറയൂര്‍ : മറയൂരില്‍ ബീഫ് കഴിച്ചതിന് 24 ആദിവാസി യുവാക്കളെ ഊരു വിലക്കിയതായി ആരോപണം. ഊരു വിലക്കിയതോടെ യുവാക്കളില്‍ ചിലര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതായാണ് വിവരം. മറയൂര്‍ പഞ്ചായത്തിലെ മൂന്ന് ആദിവാസിക്കുടികളിലെ 24 യുവാക്കള്‍ക്കാണ് ഊരുകൂട്ടത്തിന്റെ തീരുമാന പ്രകാരം വിലക്ക് ഏര്‍പ്പെടുത്തിയതായി പറയപ്പെടുന്നത്.
യുവാക്കള്‍ മറയൂര്‍ ടൗണില്‍ ഹോട്ടലുകളില്‍ നിന്ന് ബീഫ് കഴിച്ചതായി ഊരുകൂട്ടം ആരോപിച്ചിരുന്നു. ആദിവാസികളുടെ ആചാര പ്രകാരം ബീഫ് കഴിക്കാന്‍ പാടില്ല എന്നുള്ള നിയമം കുടികളില്‍ പാരമ്പര്യമായി നിലനിന്നു വരുന്നതാണ്. സ്ഥലത്തെ ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ വഴിയാണ് വിവരം പുറത്തറിഞ്ഞത്. എന്നാല്‍ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.