തിരുവനന്തപുരം: ചെറുവള്ളിയിലെ ശബരിമല വിമാനത്താവള പദ്ധതി ഇനി ഓര്‍മ്മകളിലേക്ക്. ശബരിമല വിമാനത്താവളത്തിനായി പ്രാഥമിക പഠനം നടത്താന്‍ അമേരിക്കന്‍ കമ്പ നിയായ ലൂയി ബെര്‍ഗറിന് കരാര്‍ നല്‍കിയതു മാത്രം മെച്ചം. അവ്യക്തവും അപൂര്‍ണ്ണവുമായ പഠന റിപ്പോര്‍ട്ടിന് ലൂയിബെര്‍ഗറിന് പ്രതിഫലമായി നല്‍കിയത് ഒരു കോടിയോളം രൂപയാണ്. അങ്ങനെ വെറുതെ ഖജനാവില്‍ നിന്ന് പണമൊഴുക്കിയത് മാത്രം മെച്ചം. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കൈവശമാണ് ചെറുവള്ളി എസ്റ്റേറ്റ്. ബിലീവേഴ്‌സ് ചര്‍ച്ചില്‍ വലിയ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചെറുവള്ളി എസ്റ്റേറ്റ് അടക്കമുള്ളവ കണ്ടു കെട്ടാനാണ് കേന്ദ്ര ഏജന്‍സിയുടെ നീക്കം.
ഈ നടപടികളിലേക്ക് ആദായ നികുതി വകുപ്പ് കടന്നു കഴിഞ്ഞു. അതുകൊണ്ട് തന്നെ ബിലീവേഴ്‌സ് ചര്‍ച്ചുമായി ഒത്തുതീര്‍പ്പുണ്ടാക്കി വിമാനത്താവളം പണിയല്‍ തല്‍കാലം നടക്കില്ല. ആദായ നികുതി വകുപ്പിന്റെ നടപടികള്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് വിഘാതമാണ്. നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവെച്ച് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയ സംഭവത്തില്‍ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് സേവ് ഫോറം സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി നല്‍കിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയാല്‍ തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്നാശ്യപ്പെട്ടാണ് തടസ്സഹര്‍ജി ഫയല്‍ ചെയ്തത്. ഇതിനിടെയാണ് നിര്‍ണ്ണായക നീക്കവുമായി ആദായ നികുതി വകുപ്പ് എത്തിയത്.
ചെറുവള്ളിയിലേത് ബിലീവേഴ്‌സ് ചര്‍ച്ചും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണെന്ന ആരോപണം ശക്തമായിരുന്നു. സുപ്രീംകോടതിയിലെ നിയമ പോരാട്ടത്തിന് ശേഷം പണം കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാരിന്റെ ഭൂമിയെന്നാണ് ചെറുവള്ളിയെ വിലയിരുത്തുന്നത്. അത്തരമൊരു ഭൂമിയെ പണം കൊടുത്തു വാങ്ങി യോഹന്നാന് സഹായം ചെയ്യാനായിരുന്നു നീക്കമെന്ന ആക്ഷേപവും ശക്തമായിരുന്നു. ഹാരിസണില്‍ നിന്നാണ് ഈ ഭൂമി കോടികള്‍ കൊടുത്ത് യോഹന്നാന്‍ വാങ്ങിയത്. അന്നുമുതല്‍ നിയമ പ്രശ്‌നമായി. ഇതോടെയാണ് എങ്ങനേയും സര്‍ക്കാരിന് കൈമാറാനുള്ള നീക്കം അതീവ രഹസ്യമായി നടത്തിയത്. ഇതിന് ഹൈക്കോടതി വിധി തടസ്സമാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇഡിയുടെ ഇടപെടല്‍.
ശബരിമല വിമാനത്താവളത്തിനായി കാഞ്ഞിരപ്പള്ളി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവെക്കാന്‍ കോട്ടയം കളക്ടറോട് നിര്‍ദ്ദേശിക്കുന്ന സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കമുള്ളതിനാലാണ് ജൂണ്‍ 18-ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനെ ചോദ്യംചെയ്ത് ബിലീവേഴ്സ് ചര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇത്തരം നിയമ പോരാട്ടങ്ങളെയെല്ലാം അപ്രസക്തമാക്കുന്നതാണ് ആദായ നികുതി വകുപ്പിന്റെ ഇടപെടല്‍. ക്രമക്കേട് കണ്ടെത്തിയതോടെ സ്വത്തുക്കളെല്ലാം മരവിപ്പിക്കാനാണ് നീക്കം. ചാരിറ്റി പ്രവര്‍ത്തനത്തിന് വിദേശത്ത് നിന്ന് പണം കൊണ്ടു വന്ന് റിയല്‍ എസ്റ്റേറ്റില്‍ മുതല്‍ മടുക്കിയെന്ന ഗുരുതമായ കുറ്റമാണ് ബിലീവേഴ്‌സ് ചര്‍ച്ചിനെതിരെ ഉന്നയിക്കുന്നത്.
ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ വിവിധ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് 5 ദിവസമായി നടത്തിയ പരിശോധനയില്‍ സാമ്ബത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ തുടര്‍പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. നേരിട്ടുള്ള പരിശോധന പൂര്‍ത്തിയായെങ്കിലും രേഖകളുടെ വിശദപരിശോധന തുടരുമെന്നും ഇതിനു 2 മാസത്തോളമെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ സഭാനേതൃത്വത്തെ അറിയിച്ചു. 350 കോടി രൂപയുടെ ക്രമവിരുദ്ധ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. നിരോധിത നോട്ടുകള്‍ ഉള്‍പ്പെടെ 15 കോടി രൂപയുടെ കറന്‍സി വിവിധ സ്ഥലങ്ങളില്‍ നിന്നു കണ്ടെടുത്തു.
3.85 കോടിയുടെ കറന്‍സി ഡല്‍ഹിയിലെ ആരാധനാകേന്ദ്രത്തില്‍ നിന്നാണു ലഭിച്ചത്. കേരളം, തമിഴ്‌നാട്, ബംഗാള്‍, കര്‍ണാടക, പഞ്ചാബ്, തെലങ്കാന, ചണ്ഡിഗഡ് എന്നിവിടങ്ങളിലെ 66 കേന്ദ്രങ്ങളിലായിരുന്നു പരിശോധന. ഹവാല വഴി പണം കടത്താന്‍ സഹായിച്ച ചിലരുടെ സ്ഥാപനങ്ങളിലും പരിശോധന നടത്തി. വില്‍പനക്കരാറുകളും സഭയുടെ പ്രധാന ചുമതലക്കാരുടെ മൊബൈല്‍ ഫോണുകളും പരിശോധനയ്ക്കായി പിടിച്ചെടുത്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിദേശത്തുനിന്നു സ്വീകരിച്ച സംഭാവനകള്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കു വിനിയോഗിച്ചതിനു തെളിവു ലഭിച്ചതായി ആദായ നികുതി വകുപ്പിന്റെ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. സഭയുടെ കീഴില്‍ 30 ട്രസ്റ്റുകള്‍ രാജ്യത്തു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പലതും കടലാസ് സംഘടനകളാണെന്ന് വകുപ്പു കരുതുന്നു.
വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരമുള്ള ലൈസന്‍സ് ബിലീവേഴ്‌സ് ചര്‍ച്ചിനു പുതുക്കി നല്‍കിയിട്ടില്ല. അതുകൊണ്ട് വിദേശത്തുനിന്നു സംഭാവന സ്വീകരിക്കാന്‍ നിയമപരമായ തടസ്സവും ഉണ്ട്. ഇതിനൊപ്പം സ്വത്തുക്കള്‍ മരവിപ്പിക്കുക കൂടി ചെയ്താല്‍ അത് സഭയെ വലിയ പ്രതിസന്ധിയിലാക്കും. ക്രമക്കേടിന്റെ പേരില്‍ എല്ലാ സ്വത്തും ഏറ്റെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അതിന് കുറച്ചു കാലത്തെ നടപടിക്രമങ്ങളുടെ ആവശ്യമുണ്ട്. അതുകൊണ്ടാണ് ശബരിമല വിമാനത്താവളമെന്ന കേരള സര്‍ക്കാരിന്റെ ആഗ്രഹം ഉടന്‍ നടക്കാത്തതിന് കാരണം. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിമാനത്താവളത്തിന് തറക്കല്ലിടാനായിരുന്നു മുഖ്യമന്ത്രി പിണറായിയുടെ ആഗ്രഹം.
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 6000 കോടി രൂപ വിദേശത്ത് നിന്ന് ലഭിച്ചുവെന്നും, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ച ഈ തുക ഉപയോഗിച്ച് അനധികൃതമായി സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്നും റെയ്ഡില്‍ കണ്ടെത്തിയിരുന്നു. നിരോധിച്ച നോട്ടുകള്‍ ഉള്‍പ്പടെ കണക്കില്‍ പെടാത്ത 14 കോടി രൂപയും റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മാസങ്ങളായി വിദേശത്ത് കഴിയുന്ന കെ.പി.യോഹന്നാനെ വിളിച്ചുവരുത്താന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചത്.