പത്തനംതിട്ട : കേരളാ പോലീസിനോട് ഹൃദയം നിറയെ സ്‌നേഹവും കടപ്പാടുമാണ് 71 വയസുകാരി ഗ്രേസി ജോര്‍ജിനുള്ളത്. പ്രത്യേകിച്ച് പോലീസ് ഏര്‍പ്പെടുത്തിയ ‘ബെല്‍ ഓഫ് ഫെയ്ത്ത് ‘എന്ന സംവിധാനത്തോട്. ഗ്രേസി ജോര്‍ജ് നാല് പെണ്മക്കളുടെ അമ്മയാണ്. മക്കളുടെ വിവാഹശേഷം പന്തളം തോന്നല്ലൂരിലെ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു.
സംസ്ഥാന പോലീസ്, ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളുടെ സുരക്ഷാ ആവശ്യങ്ങള്‍ക്കായി ബെല്‍ ഓഫ് ഫെയ്ത്ത് എന്ന സംവിധാനം നടപ്പാക്കിയപ്പോള്‍ ഗ്രേസിയുടെ വീട്ടിലും ഇത് സൗജന്യമായി സ്ഥാപിച്ചു. കഴിഞ്ഞ ശനി രാത്രി 11 മണിക്ക് കുളിമുറിയില്‍ തെന്നിവീണ് ഇവരുടെ തലയ്ക്കു ഗുരുതരമായ പരുക്കേറ്റു. സഹായത്തിനാരുമില്ലാത്ത സാഹചര്യത്തില്‍ മനസാന്നിധ്യം കൈവിടാതെ വായോധിക പോലീസിന്റെ ബെല്‍ ഓഫ് ഫെയ്ത്ത് സംവിധാനം പ്രയോജനപ്പെടുത്തുകയായിരുന്നു. വീട്ടില്‍ കരുതിയിരുന്ന റിമോട്ട് അമര്‍ത്തിയപ്പോള്‍ വീടിന്റെ പുറത്ത് ഘടിപ്പിച്ചിട്ടുള്ള അലാറം മുഴങ്ങുകയും ആ സമയം അതുവഴി കടന്നുപോയ പന്തളം പോലീസ് നൈറ്റ് പട്രോള്‍ സംഘം ശബ്ദം തിരിച്ചറിഞ്ഞ് സഹായത്തിനെത്തുകയുമായിരുന്നു.
സംഘത്തിലുണ്ടായിരുന്ന എസ്.ഐ സന്തോഷ്‌കുമാര്‍, സിപിഒ അനൂപ് എന്നിവര്‍ വീട്ടിലെത്തി സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ഉടനടി നടപടി കൈക്കൊണ്ടു. തുടര്‍ന്ന് പന്തളം സി.എം ആശുപത്രിയില്‍ ഗ്രേസിയെ പ്രവേശിപ്പിക്കുകയും അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു. അങ്ങനെ വയോധികയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. ചികിത്സയ്ക്ക് ശേഷം ഗ്രേസി ഇപ്പോള്‍ മാവേലിക്കരയിലെ മകളുടെ വീട്ടില്‍ സുഖം പ്രാപിച്ചുവരുന്നു.
‘ബെല്‍ ഓഫ് ഫെയ്ത്ത് ‘എന്ത്?
ജനമൈത്രി പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനമൊട്ടുക്ക് പുതിയ ബെല്‍ സംവിധാനം പോലീസ് ഏര്‍പ്പെടുത്തിയത്. ‘മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ വിരല്‍ത്തുമ്പില്‍’ എന്ന ആശയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കിയത്. ഒറ്റയ്ക്ക് വീടുകളില്‍ കഴിയുന്ന വയോജനങ്ങള്‍ക്ക് ഒരു കയ്യകലത്തില്‍ സഹായം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ജനുവരി 28 ന് അന്നത്തെ ജില്ലാ പോലീസ് മേധാവി ജി.ജയദേവ് ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ജില്ലയില്‍ ആകെ 380 വീടുകളില്‍ ബെല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പേര് സൂചിപ്പിക്കും പോലെ ശരിക്കും വിശ്വാസത്തിന്റെ ശബ്ദമാണ് ഈ മണിയിലൂടെ മുഴങ്ങുന്നത്. അവശ്യസഹായം വേണ്ട സന്ദര്‍ഭങ്ങളിലും അടിയന്തര ഘട്ടങ്ങളിലും ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ ബെല്‍ പ്രയോജനപ്പെടുത്താം. ബെല്‍ അമര്‍ത്തുമ്പോള്‍ പുറത്തുവച്ചിട്ടുള്ള അലാറം മുഴങ്ങും. അലാറം കേള്‍ക്കുന്ന അയല്‍വാസികള്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുകയോ പോലീസിന്റെയോ മറ്റ് സംവിധാനങ്ങളുടെയോ സഹായം ഉറപ്പാക്കുകയോ ചെയ്യാം.
അടുത്തുള്ളയാള്‍ക്ക് സഹായം ആവശ്യമെന്ന ഓര്‍മപ്പെടുത്തലാണ് ഈ ശബ്ദം. പോലീസ് സ്റ്റേഷനുകളിലെ ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ ബെല്ലുകളുടെ കാര്യക്ഷമത ബീറ്റ് സന്ദര്‍ശനങ്ങള്‍ക്കിടയില്‍ ഉറപ്പുവരുത്താറുണ്ട്. പന്തളം പോലീസ് സ്റ്റേഷനിലെ ബീറ്റ് ഓഫീസര്‍മാരായ അമീഷും സുബീക് റഹ്മാനും നിരന്തരമായി വീടുകള്‍ സന്ദര്‍ശിക്കുകയും ഇവ പരിശോധിച്ച് പ്രവത്തനക്ഷമമാണെന്ന് പരിശോധിക്കുകയും ചെയ്തിരുന്നു.
ഗ്രേസി ജോര്‍ജിനുണ്ടായ അനുഭവം നാട്ടില്‍ വാര്‍ത്തയായതോടെ നിരവധി ആളുകളാണ് ബെല്‍ ഓഫ് ഫെയ്ത്ത് സംവിധാനം തേടി ബീറ്റ് ഓഫീസര്‍മാരുമായി ബന്ധപ്പെടുന്നത്.