ഇടുക്കി : രാജാപ്പാറയില്‍ നിശാപാര്‍ട്ടി നടത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. പരിപാടിയില്‍ പങ്കെടുത്ത നാല്‍പതോളം പേര്‍ക്കെതിരെ കേസെടുക്കും. കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് കേസ്.
ഇടുക്കി രാജാപ്പാറയില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ച സംഭവം വിവാദമായതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കെതിരെയും കേസ് എടുക്കുമെന്ന് ശാന്തന്‍പാറ പോലീസ് അറിയിച്ചു. ആറ് മണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയില്‍ മണിക്കൂറില്‍ 50 പേര്‍ വീതം ആകെ 250ലധികം പേര്‍ പങ്കെടുത്തുവെന്നാണ് അനൌദ്യോഗിക വിവരം. എന്നാല്‍ 50ല്‍ താഴെ ആള്‍ക്കാര്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് പോലീസ് ഭാഷ്യം.
തണ്ണിക്കോട്ട് മെറ്റല്‍സിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ജൂണ്‍ 28നാണ് നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. പരിപാടി സംഘടിപ്പിച്ച തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് കുര്യനെതിരെ ശാന്തന്‍പാറ പോലീസ് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തില്‍ നടപടി ഉറപ്പാക്കണമെന്ന് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായി കളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.