സിട്രസ് ഗണത്തിൽ പെട്ട ഫലമാണ് ഓറഞ്ച്. വിറ്റാമിൻ സി കൊണ്ട് സമ്പന്നമായതിനാൽ തന്നെ ഇത് നിരവധി ആരോഗ്യ സൗന്ദര്യ ഗുണങ്ങൾ ഉറപ്പാക്കുന്നുണ്ട്. ഓറഞ്ച്, ഓറഞ്ച് ജ്യൂസ്, ഓറഞ്ചിന്റെ തൊലി എന്നിവയെല്ലാം പല ഗുണങ്ങൾക്കായി ഉപയോഗിക്കാവുന്നവയാണ്. നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കൊളസ്‌ട്രോൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം ഓറഞ്ച് സഹായിക്കും. പ്രതിരോധ ശക്തി മെച്ചപ്പെടുത്താനും മികച്ചതാണ് ഓറഞ്ച്. കൂടാതെ ശരീരത്തിലെ ഇരുമ്പിൻറെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയാനും ഓറഞ്ച് ഫലപ്രദമാണ്. ഇതോടൊപ്പം മുറിവുകൾ വേഗത്തിൽ ഉണങ്ങുന്നതിനും വിറ്റാമിൻ സി നല്ല പങ്കുവഹിക്കുന്നു.
ഈ പഴത്തിൽ നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയുടെ ആരോഗ്യം നിലനിർത്തുകയും മലബന്ധം, ഐപിഎസ് (ഇറിറ്റബിൾ ബവൽ സിൻഡ്രോം), പ്രമേഹം, പൊണ്ണത്തടി, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവ ഉണ്ടാവുന്നത് തടയുകയും ചെയ്യുന്നു.ഫോളേറ്റിന്റെ കുറവ് ക്ഷീണം, പേശികളിലെ ബലഹീനത, വായിലെ അൾസർ, കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ, ഓർമ്മ, ധാരണ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, വിഷാദം, ആശയക്കുഴപ്പം തുടങ്ങിയ മറ്റ് ലക്ഷണങ്ങളിലേക്ക് നയിക്കുന്നു. ഫോളേറ്റ്, വിറ്റാമിൻ സി, നാരുകൾ എന്നിവ കൂടാതെ ഓറഞ്ചിൽ പൊട്ടാസ്യം, കാൽസ്യം, തയാമിൻ എന്നിവയും അടങ്ങിയിട്ടുണ്ട്.