ബെനെല്ലി (Benelli) ബൈക്കുകൾക്ക് ഇന്ത്യയിലെ മോട്ടോർസൈക്കിൾ വിപണിയിൽ ആരാധകർ ഏറെയാണ്. വില കൂടുതലാണ് എങ്കിലും ഏതൊരു മോട്ടോർസൈക്കിൾ പ്രേമിയുടെയും സ്വപ്ന വാഹനങ്ങളുടെ പട്ടികയിൽ ബെനെല്ലിയുടെ ബൈക്കുകൾ ഉണ്ടായിരിക്കും. ഇപ്പോഴിതാ തങ്ങളുടെ ജനപ്രിയ മോഡലുകളുടെ പുതിയ കളർ ഓപ്ഷനുകൾ വിപണിയിലെത്തിച്ചിരിക്കുകയാണ് കമ്പനി. 2023 ബെനെല്ലി TRK 502 (Benelli TRK 502), ബെനെല്ലി TRK 502X (Benelli TRK 502X) മോട്ടോർസൈക്കിളുകളുടെ പുതിയ കളർ ഓപ്ഷനുകളാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്.
ബെനെല്ലി TRK 502 മോട്ടോർസൈക്കിൾ ഇപ്പോൾ ബ്ലാക്ക്, ഫോറസ്റ്റ് ഗ്രീൻ എന്നീ പുതിയ കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ഇതിനകം തന്നെ ഈ ബൈക്ക് ഗ്രേ, വൈറ്റ് നിറങ്ങളിൽ ലഭ്യമാണ്. ബെനെല്ലി TRK 502X മോട്ടോർസൈക്കിൾ നിലവിൽ ഗ്രേ, വൈറ്റ്, യെല്ലോ പെയിന്റ് ഓപ്ഷനുകളിലാണ് ലഭ്യമായിരുന്നത്. ഈ ബൈക്ക് ഇനിമുതൽ പുതിയ ഫോറസ്റ്റ് ഗ്രീൻ കളർ ഓപ്ഷനിലും ലഭിക്കും. ബൈക്കുകളുടെ ബുക്കിങ് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.
2023 ബെനെല്ലി TRK 502, 502X എന്നീ ബൈക്കുകൾ വാങ്ങാൻ താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴിയോ രാജ്യത്തുടനീളമുള്ള അംഗീകൃത ഡീലർഷിപ്പുകൾ വഴിയോ ബുക്ക് ചെയ്യാവുന്നതാണ്. 10,000 രൂപയാണ് ബുക്കിങ്ങിനായി നൽകേണ്ടത്. 2023 ബെനെല്ലി TRK 502 മോട്ടോർസൈക്കിളിന് 5.85 ലക്ഷം രൂപയാണ് ഇന്ത്യയിൽ എക്സ് ഷോറൂം വില. ബെനെല്ലി TRK 502X എന്ന മോട്ടോർസൈക്കിളിന്റെ എക്സ് ഷോറൂം വില 6.35 ലക്ഷം രൂപയാണ്. ബെനെല്ലി TRK സീരീസിലെ ബൈക്കുകൾക്ക് കമ്പനി 3 വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ സ്റ്റാൻഡേർഡ് വാറന്റിയാണ് നൽകുന്നത്. ഇതിനൊപ്പം 24X7 റോഡ് സൈഡ് അസിസ്റ്റൻസും നൽകുന്നുണ്ട്. വിൽപ്പനാനന്തര സേവനങ്ങളുടെ കാര്യത്തിൽ ബെനെല്ലി മുൻപന്തിയിൽ നിൽക്കുന്നുണ്ട്. ഈ പ്രീമിയം ബൈക്കുകൾക്ക് പുതിയ കളർ ഓപ്ഷനുകൾ ലഭിക്കുകയും വില അല്പം വർധിക്കുകയും ചെയ്തുവെങ്കിലും എഞ്ചിനിലോ മറ്റ് കാര്യങ്ങളിലോ കമ്പനി വ്യത്യാസങ്ങൾ വരുത്തിയിട്ടില്ല.
ഇന്ത്യയിൽ വരാനിരിക്കുന്ന ഉത്സവ സീസൺ പ്രമാണിച്ചാണ് ബെനെല്ലി TRK സീരീസ് ബൈക്കുകൾക്ക് പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഈ സീസണിൽ വിൽപ്പന വർധിപ്പിക്കാൻ പുതിയ കളർ ഓപ്ഷനുകൾ സഹായിക്കും. ബെനെല്ലി TRK 502, 502X മോട്ടോർസൈക്കിളുകൾക്ക് കരുത്ത് നൽകുന്നത് 500 സിസി പാരലൽ-ട്വിൻ, DOHC, ലിക്വിഡ്-കൂൾഡ്, 8 വാൽവ് എഞ്ചിനാണ്. ഈ എഞ്ചിൻ 8,500 ആർപിഎമ്മിൽ 47 എച്ച്പി പീക്ക് പവറും 6,000 ആർപിഎമ്മിൽ 46 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു.
ബെനെല്ലി TRK 502, TRK 502X എന്നീ ബൈക്കുകളിൽ ഉയരമുള്ള വിൻഡ്‌സ്‌ക്രീനാണുള്ളത്. റിയർ പാനിയർ മൗണ്ട് ബ്രാക്കറ്റുകൾ, വൈഡായ റൈഡർ പില്യൺ സീറ്റുകൾ, എഞ്ചിൻ ബാഷ് പ്ലേറ്റ്, എഞ്ചിൻ ഹീറ്റ് എയർ ഡക്‌റ്റുകൾ എന്നിവയെല്ലാം ഈ ബൈക്കുകളുടെ സവിശേഷതകളാണ്. ഈ മോട്ടോർസൈക്കിളുകളിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഹാൻഡിൽബാറാണുള്ളത്. 20 ലിറ്റർ ഫ്യൂവൽ സ്റ്റോറേജ് കപ്പാസിറ്റിയുള്ള ബൈക്കിൽ ക്രാഷ് ഗാർഡുകളും നക്കിൾ ഗാർഡുകളും സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്.