കൊൽക്കത്ത : പശ്ചിമ ബംഗാളിൽ രാഷ്ട്രീയ സംഘർഷം നടന്ന മേഖലകള്‍ സന്ദര്‍ശിച്ച് ഗവർണർ ജഗ്ദീപ് ധാന്‍കര്‍. അക്രമം നടന്ന കൂച്ച് ബിഹാറിലാണ് ഗവര്‍ണര്‍ സന്ദർശം നടത്തുന്നത്. സന്ദർശനം ചട്ട ലംഘനമാണെന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ വിമർശനം തള്ളിയാണ് ജഗ്‍ദീപ് ധാൻകറിന്റെ യാത്ര.
മാതാബംഗ, സിതാല്‍കുച്ചി, സിതായ്, ദിൻഹാത്ത എന്നീ സംഘർഷ സ്ഥലങ്ങളാണ് ഗവര്‍ണര്‍ സന്ദർശിക്കുന്നത്. അക്രമത്തിനിരയായവരുടെ കുടുംബങ്ങളുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തി വിവരം തേടും. അക്രമങ്ങളില്‍ നിന്ന് രക്ഷതേടി അസമില്‍ അഭയം തേടിയവരെ കാണാന്‍ നാളെ അസമിലേക്കും ഗവര്‍ണർ ജഗ്ദീപ് ധാന്‍കർ പോകുന്നുണ്ട്. എന്നാല്‍ കൂച്ച് ബിഹാറില്‍ സന്ദർശനം നടത്തുമെന്ന് ഗവർണര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മമതയും ഗവർണറും വീണ്ടും വാക്പോരിലേക്ക് കടന്നിരുന്നു. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ചട്ടങ്ങളുടെ ലംഘനമാണെന്നായിരുന്നു മമതയുടെ വിമർശനം. ഇക്കാര്യം ചൂണ്ടിക്കാട്ടി മമത ഗവർണര്‍ക്ക് കത്തയക്കുകയും ചെയ്തു. എന്നാല്‍ വിമര്‍ശനം തള്ളിയ ഗവർണര്‍ ഭരണഘടന വ്യവസ്ഥകളെക്കുറിച്ചുള്ള പ്രാഥമിക അജ്ഞതയാണ് മമതയുടേതെന്ന് മറുപടി കത്തില്‍ പരിഹസിച്ചു.
ബിഎസ്എഫ് ഹെലികോപ്ടറിലാണ് ബംഗാള്‍ ഗവർണർ ഇവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്. മമത ബാനർജിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ അക്രമണങ്ങളില്‍ നടപടി വേണമെന്ന ഗവര്‍ണറുടെ പരാമർശവും മുഖ്യമന്ത്രിയുമായുള്ള വാക്പോരിലേക്ക് കടന്നിരുന്നു. ബംഗാളിലെ തൃണമൂല്‍ ബിജെപി സംഘര്‍ഷത്തില്‍ ഇതുവരെ പതിനാറ് പേര്‍ മരിച്ചെന്നാണ് സർക്കാര്‍ കണക്ക്. സംഘര്‍ഷ സ്ഥലങ്ങള്‍ സന്ദർശിക്കാന്‍ പോയ കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ കാറും ഒരു സംഘം ആക്രമിച്ചിരുന്നു.