ഉത്സവ സീസണില്‍ വാഹനം വാങ്ങാന്‍ ശുഭകരമായ സമയമായാണ് പലരും കണക്കാക്കുന്നത്. മാത്രമല്ല വാഹന നിര്‍മാതാക്കള്‍ ഓഫര്‍ പെരുമഴ തന്നെ വാഗ്ദാനം ചെയ്യുന്നതിനാല്‍ ഒരു വാഹനം വീട്ടിലെത്തിക്കാന്‍ ഇതിനേക്കാള്‍ പറ്റിയ സമയമില്ല. പെട്രോള്‍ വില 100 -ന് മുകളില്‍ നിന്ന് താഴെ വരാത്ത സാഹചര്യത്തില്‍ ഇവികള്‍ക്കാണ് ഇപ്പോള്‍ ഡിമാന്‍ഡ്. തുടക്കത്തില്‍ കുറച്ച് ക്യാശ് പൊടിക്കണമെങ്കിലും പെട്രോളിന്റെ തീ വിലയില്‍ നിന്ന് രക്ഷനേടാന്‍ ജനങ്ങള്‍ ഇവികള്‍ വാങ്ങുകയാണ്. ഈ ഉത്സവകാലത്ത് വാങ്ങാന്‍ പറ്റിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഏതൊക്കെയെന്ന് നോക്കാം.
ഓല ഇലക്ട്രിക് : കിടുക്കാച്ചി ഓഫറുകള്‍ വഴി ജനമനസ്സുകളില്‍ ഇടം നേടിയ ബ്രാന്‍ഡാണ് ഓല ഇലക്ട്രിക്. ഈ ഉത്സവ സീസണിലും അവര്‍ കസ്റ്റമേഴ്‌സിനെ മറന്നിട്ടില്ല. തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയിലെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്ക് 24,500 രൂപ വരെ പര്‍ച്ചേസ് ആനുകൂല്യം ഇവി സ്റ്റാര്‍ട്ടപ്പ് വാഗ്ദാനം ചെയ്യുന്നു. S1X, S1 എയര്‍, S1 പ്രോ എന്നിങ്ങനെ മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഓലയുടെ S1 ശ്രേണിയില്‍ വരുന്നത്. ഇപ്പോള്‍ ഓല S1 പ്രോ ജെന്‍ 2-വിന് 7,000 രൂപ വിലമതിക്കുന്ന 5 വര്‍ഷത്തെ ബാറ്ററി വാറണ്ടിയും S1 എയറിന്റെ എക്‌സ്റ്റന്റഡ് വാറണ്ടിക്ക് 50 ശതമാനം കിഴിവും നല്‍കുന്നു. നിങ്ങളുടെ പഴയ പെട്രോള്‍ സ്‌കൂട്ടര്‍ മാറ്റി ഇവിയിലേക്ക് മാറാനുള്ള സുവര്‍ണാവസരവും കമ്പനി ഒരുക്കുന്നുണ്ട്. 10,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറാണ് ഇപ്പോള്‍ നേടിയെടുക്കാന്‍ സാധിക്കുക. കമ്പനി നടത്തുന്ന പരിശോധനക്ക് ശേഷമാണ് ഉപഭോക്താക്കള്‍ക്ക് അവരുടെ പഴയ പെട്രോള്‍ സ്‌കൂട്ടറുകള്‍ മാറ്റാന്‍ സാധിക്കുന്നത്.
ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ വഴി വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് 7,500 രൂപയുടെ ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതില്‍ സീറോ ഡൗണ്‍ പേയ്മെന്റ്, സീറോ പ്രോസസ്സിംഗ് ഫീ, 5.99 ശതമാനം പലിശ എന്നിവ ഉള്‍പ്പെടുന്നു. ഓല റഫര്‍ ചെയ്യുന്നവര്‍ക്ക് ക്യാഷ്ബാക്ക് ലഭിക്കുന്ന ഓഫറും ഇപ്പോഴുണ്ട്. ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ 1000 രൂപ ക്യാഷ്ബാക്കും റഫര്‍ ചെയ്യുന്നയാള്‍ക്ക് സൗജന്യ ഓല കെയര്‍ പ്ലസും 2,000 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കും.
ഏഥര്‍ എനര്‍ജി : രാജ്യത്തെ മുന്‍നിര ഇവി നിര്‍മാതാക്കളില്‍ ഒന്നായ ഏഥര്‍ എനര്‍ജിയും ഉത്സവ സീസണില്‍ വില്‍പ്പന ഉയര്‍ത്താനായി ഓഫറുകളിട്ടിട്ടുണ്ട്. ഏഥര്‍ എനര്‍ജി 450S, 450X എന്നിവ ഉള്‍പ്പെടെ അതിന്റെ മുഴുവന്‍ ശ്രേണിയിലും ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പുറത്തിറക്കുന്ന ഏറ്റവും കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് സ്‌കൂട്ടറാണ് ഏഥര്‍ 450S. ഈ എന്‍ട്രി ലെവല്‍ ഇ-സ്‌കൂട്ടര്‍ ഇപ്പോള്‍ 5,000 രൂപയുടെ ഫ്‌ലാറ്റ് ഉത്സവ ആനുകൂല്യങ്ങളുമായാണ് വരുന്നത്. ഇതോടൊപ്പം 1,500 രൂപയുടെ കോര്‍പ്പറേറ്റ് ഓഫറും ഉപഭോക്താവിന്റെ പഴയ സ്‌കൂട്ടറിന് 40,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും നല്‍കുന്നു. 1,10,249 രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്.
ഐവൂമി : ഇലക്ട്രിക് വാഹന നിര്‍മാതാക്കളുടെ ജീത്X, S1 എന്നീ മോഡലുകള്‍ ഇപ്പോള്‍ ഓഫറില്‍ ലഭ്യമാണ്. 99,999 രൂപക്ക് വില്‍ക്കുന്ന ഐവൂമി ജീത്X 91,999 രൂപയ്ക്ക് ഇപ്പോള്‍ സ്വന്തമാക്കാം. 84999 രൂപ വിലയുള്ള S1 81,999 രൂപയ്ക്കാണ് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്. ആക്‌സസറികള്‍, ഹെല്‍മെറ്റ് എന്നിവ ഉള്‍പ്പെടെ ഓരോ പര്‍ച്ചേസിലും കമ്പനി ഉപഭോക്താക്കള്‍ക്ക് 10,000 രൂപയുടെ വരെ അധിക ആനുകൂല്യങ്ങള്‍ നല്‍കുന്നു. ഐവൂമി ഇവികള്‍ വാങ്ങിയാല്‍ ആര്‍ടിഒ ചാര്‍ജുകളെ കുറിച്ചും ഉപഭോക്താക്കള്‍ ബേജാറാകേണ്ടതില്ല. ഈ പറഞ്ഞ ഓഫറുകള്‍ സ്ഥലങ്ങള്‍ക്കും സ്‌റ്റോക്ക് ലഭ്യതക്കും അനുസരിച്ച് മാറാന്‍ സാധ്യതയുണ്ട്.