ഇന്നത്തെ ഡിജിറ്റൽ ലോകത്ത് സ്മാർട്ട് ഫോൺ ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ ഭയപ്പെടേണ്ടത് ഓൺലൈൻ തട്ടിപ്പുകാരെയാണ്. പല തരത്തിലാണ് ഇന്ന് ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നത്. നമ്മൾക്ക് കേട്ട് പരിചയം പോലും ഇല്ലാത്ത തട്ടിപ്പുകളാണ് ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. പ്രധാനമായും ക്ഷുദ്ര വയറുകൾ നമ്മുടെ ഫോണുകളിലേക്ക് കടത്തിവിട്ടാണ് തട്ടിപ്പുകാർ നമ്മളെ ഇരയാക്കുന്നത്. ആദ്യമായി ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കുള്ള സുരക്ഷാ ആപ്പുകൾ എന്തെല്ലാമാണെന്ന് തന്നെ പരിശോധിക്കാം. അസംഖ്യം ശക്തമായ സുരക്ഷാ ആപ്പുകൾ നിങ്ങളുടെ ഫോണിനെ സുരക്ഷിതമാക്കാൻ ഇപ്പോൾ പ്ലേ സ്റ്റോറുകളിൽ ലഭിക്കുന്നതാണ്.
ഇവയിൽ പ്രമുഖമായത് അവാസ്റ്റ് ആന്റിവൈറസ്, മക്അഫീ മൊബൈൽ സെക്യൂരിറ്റി & ലോക്ക്, നോർട്ടൺ സെക്യൂരിറ്റി, എവിജി ആന്റിവൈറസ് എന്നിവയാണ്. ഈ ആപ്പുകൾ ക്ഷുദ്രവെയർ, സ്പൈവെയർ, ട്രോജനുകൾ എന്നിവയിൽ നിന്നുള്ള തത്സമയ സംരക്ഷണം പോലുള്ള വിവിധ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. ഇതിന് പുറമെ ഒരു ആന്റി- തെഫ്റ്റ് ഫീച്ചറും ഈ ആപ്പുകൾ നിങ്ങൾക്കായി സജ്ജീകരിക്കുന്നുണ്ട്. മാത്രമല്ല സിസ്റ്റം ഒപ്റ്റിമൈസേഷൻ ടൂളുകൾ ഉപയോഗിച്ച് നിങ്ങളുടെ ഫോണിന്റെ പ്രകടനം വർദ്ധിപ്പിക്കുമ്പോൾ നിങ്ങളുടെ ഉപകരണത്തിലെ ഹാനികരമായ ആപ്പുകളും ഫയലുകളും കണ്ടെത്തുന്നതിലും ഈ ആപ്പുകൾ സമർത്ഥമാണ്. ആയതിനാൽ തന്നെ എല്ലാ ആൻഡ്രോയിഡ് ഉപഭോക്താക്കളും മേൽപ്പറഞ്ഞ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് നിങ്ങളുടെ സ്വകാര്യ ഡാറ്റകൾ സംരക്ഷിക്കുന്നതിന് കൂടുതൽ സഹായം ചെയ്യുന്നതാണ്.
അടുത്തതായി ഐഒഎസ് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന സുരക്ഷാ ആപ്പുകൾ എന്തെല്ലാമാണെന്ന് നോക്കാം. താരതമ്യേന ആൻഡ്രോയിഡ് ഫോണുകളെക്കാൾ സുരക്ഷ ഐഒഎസ് വാഗ്ദാനം ചെയ്യുന്നുണ്ട്. കർശനമായ ആപ്പ് സ്റ്റോർ നയങ്ങൾ ഐഒഎസ് മുന്നോട്ട് വെയ്ക്കുന്നുണ്ട്. എന്നിരുന്നിലും ഇവർ പൂർണമായും സുരക്ഷിതരല്ല. കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കുന്നത് നിങ്ങളുടെ ഉപകരണത്തിന്റെ സംരക്ഷണം വർധിപ്പിക്കുകയേ ഉള്ളു. ഇത്തരത്തിൽ നിങ്ങളുടെ ഫോണിന്റെ സുരക്ഷ വർധിപ്പിക്കാനായി നിരവധി ആപ്പുകൾ ആപ്പിൾ സ്റ്റോറുകളിലും ലഭ്യമാണ്. അവാസ്റ്റ് സെക്യൂരിറ്റി & പ്രൈവസി, ലുക്ക്ഔട്ട് മൊബൈൽ സെക്യൂരിറ്റി, മക്കാഫീ, അവിര മൊബൈൽ സെക്യൂരിറ്റി എന്നിവയാണ് ഇതിലെ പ്രമുഖമായ ആപ്പുകൾ. ഈ ആപ്പുകൾ ആന്റി മോഷണം, ഐഡന്റിറ്റി പ്രൊട്ടക്ഷൻ, സുരക്ഷിത VPN, സുരക്ഷാ ലംഘനങ്ങൾക്കുള്ള സിസ്റ്റം ഉപദേശകർ, Wi-Fi സുരക്ഷ എന്നിവ പോലുള്ള സവിശേഷതകൾ നൽകുന്നു. അതിനാൽ നിങ്ങളൊരു iOS ഉപയോക്താവാണെങ്കിൽ, ഇവയിലൊന്ന് ഉപയോഗിച്ച് നിങ്ങളുടെ ഉപകരണത്തെ ശക്തിപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുക.