തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തിന് സസ്പെൻഷനിലായിരുന്ന ബെവ്കോ ഉദ്യോഗസ്ഥയെ തിരിച്ചെടുത്തു. ബെവ്കോ റീജിയണൽ മാനേജര്‍ ആയിരുന്ന കെ റാഷയെയാണ് തിരിച്ചെടുത്തത്. വിജിലൻസ് അനുമതി നൽകിയത് കൊണ്ടാണ് തിരിച്ചെടുത്തതെന്നാണ് ബെവ്കോയുടെ വിശദീകരണം. 65 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയതിനെത്തുടർന്നാണാണ് ബെവ്കോ റീജിയണൽ മാനേജർ കെ റാഷയെ കഴിഞ്ഞ വർഷം സസ്പെൻഡ് ചെയ്തത്. മദ്യക്കമ്പനികളിൽ നിന്ന് വാങ്ങിയ പ്രതിഫലമാണ് ഈ അനധികൃത സ്വത്ത് എന്നായിരുന്നു വിജിലൻസ് പറഞ്ഞിരുന്നത്. പെരിന്തൽമണ്ണയിലും തിരുവനന്തപുരത്തും റീജിയണൽ മാനേജറായ കെ റാഷയ്ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് പരാതികൾ ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ അന്വേഷണം നടത്തി.
റാഷയുടെ മലപ്പുറത്തെ വീട്ടിലും വിജിലൻസ് റെയ്ഡ് നടത്തി. ഇങ്ങനെ തുടർച്ചയായ പരിശോധനയിലാണ് റാഷ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയതായും 65 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും കണ്ടെത്തിയതെന്നാണ് വിജിലൻസ് പറഞ്ഞിരുന്നത്. വിജിലൻസിന്‍റെ ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ നിർദേശ പ്രകാരം ബെവ്കോ എംഡി റാഷയെ സസ്പെൻഡ് ചെയ്തത്. ബെവ്കോയിലെ ഉന്നത ഉദ്യോഗസ്ഥരിൽ ചിലർ മദ്യക്കമ്പനികളിൽ നിന്ന് പണം വാങ്ങി ചില കമ്പനികളുടെ മദ്യം വിൽക്കാൻ സഹായിക്കുന്നതായി മുമ്പ് തന്നെ ആരോപണങ്ങൾ വന്നിരുന്നു. ആകെ ഒരു കോടി 14 ലക്ഷം രൂപയുടെ സ്വത്താണ് റാഷയ്ക്ക് ഉള്ളത്. ഇതിൽ 48 ലക്ഷം രൂപയുടെ സ്വത്ത് മാത്രമാണ് റാഷയ്ക്ക് നിയമാനുസൃതമായി ഉള്ളതെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.