ഇടുക്കി : പൂപ്പാറയിലെ ബവ്റിജസ് മദ്യ വിൽപനശാലയിൽ മദ്യം വാങ്ങാനെത്തിയ സംഘം സമീപത്തെ കടയിലുണ്ടായിരുന്ന സഹോദരങ്ങളെ ക്രൂരമായി മർദ്ദിച്ചു. കട നടത്തുന്ന നെടുങ്കണ്ടം സ്വദേശി റോഷിയുടെ മക്കളായ ജോയൽ, പ്രായപൂർത്തിയാകാത്ത സഹോദരൻ ജോമൽ എന്നിവർക്കാണ് മർദ്ദനമേറ്റത്. ശാന്തൻപാറ പോലീസ് അന്വേഷണമാരംഭിച്ചു.
റോഷി ഈ സമയം കടയിലുണ്ടായിരുന്നില്ല. മദ്യ ലഹരിയിലായിരുന്ന സംഘം കടയിൽ സാധനം വാങ്ങുന്നതിനായി കയറിയ ശേഷം സഹോദരങ്ങളുമായി വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് ഇവരെ കടയിൽ നിന്ന് വലിച്ചു പുറത്തിട്ട് മർദ്ദിക്കുകയായിരുന്നു. മദ്യപസംഘത്തിന്റെ ചവിട്ടേറ്റ് ജോയൽ നിലത്തു വീണു. നാട്ടുകാർ പിടിച്ചു മാറ്റിയാണ് ഇരുവരെയും രക്ഷപെടുത്തിയത്. പരുക്കേറ്റ ജോയലിനെയും ജോമലിനെയും നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പിതാവ് ജോഷി ശാന്തൻപാറ പോലീസിൽ പരാതി നൽകി. പ്രതികൾ പൂപ്പാറ സ്വദേശികളാണെന്നാണ് സൂചന. ശാന്തൻപാറ പോലീസ് അന്വേഷണമാരംഭിച്ചു.