അഹമ്മദാബാദ് : ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തെരഞ്ഞെടുത്തു. ശനിയാഴ്ച വിജയ് രൂപാണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്. ഞായറാഴ്ച ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.
യോഗത്തിനു ശേഷം കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമർ ആണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്. സെപ്റ്റംബർ 13ന് പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നടക്കും. മുൻ മുഖ്യമന്ത്രി ആനന്ദിബൻ പട്ടേൽ വിജയിച്ചിരുന്ന മണ്ഡലമായ ഘട്ലോദിയ നിന്നുള്ള എംഎൽഎയാണ് ഭൂപേന്ദ്ര പട്ടേൽ.
1.1 ലക്ഷം വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്. നേരത്തെ അഹമ്മദാബാദ് അർബൻ ഡവലപ്മെന്റ് അതോറിറ്റി ചെയർമാനായിരുന്നു. ബി.ജെ.പി. ദേശീയ നേതൃത്വത്തിന്റെ നിർദേശത്തെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കിയിരിക്കേ അപ്രതീക്ഷിതമായിരുന്നു രാജി. എന്നാൽ രൂപാണിയുടെ രാജിക്ക് ഇടയാക്കിയ കാരണമെന്തെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.