പത്തനംതിട്ട : പശ്ചാത്തല വികസനത്തില്‍ വലിയ മാറ്റങ്ങള്‍ സര്‍ക്കാര്‍ സാധ്യമാക്കിയെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. റാന്നി നിയോജക മണ്ഡലത്തിലെ വിവിധപൊതുമരാമത്ത് പദ്ധതികളുടെ പൂര്‍ത്തീകരണ – നിര്‍മ്മാണ ഉദ്ഘാടനങ്ങള്‍ കക്കുടുമണ്ണില്‍ ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നാലു കോടി രൂപ ചിലവഴിച്ച് സിവില്‍ സ്റ്റേഷന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതോടെ റാന്നിയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുടക്കീഴിലേക്ക് മാറും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ ജനസൗഹൃദമാക്കാന്‍ റാന്നിയിലെ സിവില്‍ സ്റ്റേഷന്‍ ഉപകാരപ്പെടും. ബി എം ബിസി നിലവാരത്തില്‍ മികച്ച റോഡായി ഉയര്‍ത്തിയ 3.8 കി. മി ദൈര്‍ഘമുള്ള എഴുമറ്റൂര്‍ ശാസ്താംകോയിക്കല്‍ റോഡ് നാലര കോടി രൂപയിലാണ് നവീകരിച്ചത്.
2023-24 ബജറ്റില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപ അനുവദിച്ച് ഇട്ടിയപ്പാറ – ഒഴുവന്‍പാറ – വടശേരിക്കര റോഡ് നവീകരണം സാധ്യമാകുന്നത്.
ദേശീയപാതകളും സംസ്ഥാനപാതകളും പൊതുമരാമത്ത് റോഡുകളും സംസ്ഥാനമെങ്ങും നവീകരിക്കപ്പെടുകയാണ്. കേരളത്തെ പശ്ചാത്തല വികസനത്തിന്റെ ഹബ് ആയി മാറ്റുക എന്ന സര്‍ക്കാര്‍ നയം നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ദേശീയ പാത വികസനം അതില്‍ പ്രധാനം ആണ്.
സംസ്ഥാനസര്‍ക്കാരിന്റെ പരിശ്രമങ്ങളുടെ ഫലമായി കാസറഗോഡ്- തിരുവനന്തപുരം ദേശീയപാത 2025 അവസാനത്തോടെ യാഥാര്‍ഥ്യമാകും. തീരദേശ ഹൈവേയും മലയോരഹൈവേയും സമീപകാലത്തു തന്നെ പൊതുജനങ്ങള്‍ക്കായി ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.മണ്ഡലത്തില്‍ ആധുനിക നിലവാരത്തില്‍ പുനര്‍ നിര്‍മിക്കുന്ന അത്തിക്കയം – കക്കുടുമണ്‍ മന്ദമരുതി റോഡ്, ഇട്ടിയപ്പാറ – ഒഴുവന്‍പാറ – വടശേരിക്കര റോഡ് എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനവും നാലു കോടി രൂപ ചിലവഴിച്ച് നിര്‍മിച്ച റാന്നി മിനി സിവില്‍ സ്റ്റേഷന്റെയും ശബരിമല റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4.5 കോടി രൂപ ചിലവഴിച്ച് ബിഎം ബിസി നിലവാരത്തില്‍ നിര്‍മിച്ച എഴുമറ്റൂര്‍ ശാസ്താംകോയിക്കല്‍ റോഡിന്റെയും പൂര്‍ത്തീകരണ ഉദ്ഘാടനവുമാണ് മന്ത്രി നിര്‍വഹിച്ചത്.
സിവില്‍ സ്റ്റേഷനു സമീപത്തു കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനങ്ങളുടെ അനാച്ഛാദനം നിര്‍വഹിച്ചു പറഞ്ഞു. റാന്നിയില്‍ ഒഡെപെക് കാമ്പസും അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ജോലി ലഭ്യമാക്കുന്നതിന് ജോബ് സ്റ്റേഷന്‍ റാന്നി ബ്ലോക്ക് പഞ്ചായത്തിലും ആരംഭിക്കും. മണ്ഡലത്തില്‍ ആധുനിക നിലവാരത്തില്‍ പുനര്‍ നിര്‍മിക്കുന്ന റോഡുകള്‍ പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിന് സഹായിക്കും. മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം സാധ്യമാക്കുമെന്നും എംഎല്‍എ പറഞ്ഞു.
7.70 കി.മി ദൈര്‍ഘ്യമുള്ള ഇട്ടിയപ്പാറ -ഒഴുവന്‍പാറ -വടശേരിക്കര റോഡ് നവീകരികരണത്തിനു 10 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. റാന്നി പഴവങ്ങാടി, വടശേരിക്കര പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന റോഡ് 5.50 മീറ്റര്‍ വീതിയില്‍ കാര്യേജ് വേ വീതികൂട്ടി, മുഴുവന്‍ നീളത്തിലും റോഡ് ഉയര്‍ത്തി ബിഎം ബിസി നിലവാരത്തില്‍ നവീകരണം നടത്തുന്നത്. 12.5 കോടി രൂപ ചിലവില്‍ 8.30 കി മി ദൈര്‍ഘ്യമുള്ള അത്തിക്കയം – കക്കുടുമണ്‍ മന്ദമരുതി റോഡ് റാന്നി പഴവങ്ങാടി, നാറാണംമൂഴി എന്നീ പഞ്ചായത്തുകളിലുടെയാണ് കടന്നു പോകുന്നത്. ശബരിമല റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4.5 കോടി രൂപ ചിലവഴിച്ചാണ് ബി. എം. ബിസി നിലവാരത്തില്‍ നിര്‍മിച്ച എഴുമറ്റൂര്‍ ശാസ്താംകോയിക്കല്‍ റോഡ് പൂര്‍ത്തീകരിച്ചത്. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് അധ്യക്ഷത വഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ് മോഹനന്‍, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍, മുന്‍ എംഎല്‍എ രാജു എബ്രഹാം, പൊതുമരാമത്ത് നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീനാ രാജന്‍ , ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.