കൊച്ചി : കൊച്ചി തീരത്ത് വൻ ലഹരിമരുന്ന് വേട്ട. 200 കിലോയുടെ ലഹരിമരുന്നുമായി ഇറാനിയൻ ഉരു പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നാർകോടിക്‌സ് കൺട്രോൾ ബ്യൂറോയും നേവിയും സംയുക്ത പരിശോധന നടത്തി ഉരു പിടികൂടുകയായിരുന്നു.
തീരത്ത് നിന്ന് ഏതാണ്ട് 1200 നോട്ടിക്കൽ മൈൽ അകലെയാണ് ഉരു കണ്ടെത്തിയത്. ശേഷം പരിശോധനാ സംഘം ഉരു വളയുകയും പരിശോധന നടത്തുകയും ചെയ്തു. തുടർന്ന് ലഹരിമരുന്ന് ശേഖരം കണ്ടെത്തുകയായിരുന്നു. സമീപകാലത്ത് കൊച്ചിയിൽ നടത്തിയ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ നൽകാൻ എൻസിബിയോ നേവിയോ തയ്യാറായിട്ടില്ല. നിലവിൽ എൻസിബിയുടെ കസ്റ്റഡിയിലാണ് പ്രതികളുള്ളത്.