തൃശൂര്‍ : ചെറിയ മുതല്‍ മുടക്കില്‍ വലിയ ലാഭം നേടുവാനുള്ള പരിശീലന ക്ലാസുമായി സേഫ് ആൻറ് സ്ട്രോങ്ങ് ചിട്ടി തട്ടിപ്പ് കേസ് പ്രതി പ്രവീൺ റാണ. 15000 രൂപയാണ് ഫീസ് ആയി ഈടാക്കുന്നത്. പ്രവീൺ റാണയെ ‘ലൈഫ് ഡോക്ടർ’ എന്നൊക്കെ വിശേഷിപ്പിച്ച് പരിശീലകനായി അവതരിപ്പിച്ചു കൊണ്ടാണ് Donx Management Service LLP പുതിയ ട്രയ്നിംഗ് പ്രോഗ്രാം നടത്തുന്നത്. ഒറ്റ ദിവസത്തെ പ്രോഗ്രാമിന് 15000 രൂപയാണെന്നാണ് ഇവരുടെ പരസ്യത്തിൽ പറയുന്നത്. പ്രവീൺ റാണ നേതൃത്വം നൽകിയ സേഫ് ആൻറ് സ്ട്രോങ്ങ് ചിട്ടി തട്ടിപ്പിൽ കോടിക്കണക്കിന് രൂപയാണ് ആളുകൾക്ക് നഷ്ടപ്പെട്ടത്. സേഫ് ആൻഡ് സ്ട്രോങ്ങ് ബിസിനസ് കൾസൾട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, സേഫ് ആൻഡ് സ്ട്രോങ് നിധി ലിമിറ്റഡ് എന്നീ പണമിടപാട് സ്ഥാപനങ്ങൾ വഴി 300 കോടിയോളം രൂപ നിക്ഷേപകരിൽനിന്ന് തട്ടിയെടുത്തെന്നായിരുന്നു പ്രവീൺ റാണക്കെതിരായ കേസ്. പരസ്യങ്ങളിലൂടെയും സ്ഥാപനത്തിലെ സ്റ്റാഫുകൾ മുഖാന്തരവും നിക്ഷേപകർക്ക് ഉയർന്ന തോതിൽ ലാഭം വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപം സ്വീകരിച്ചിരുന്നത്.
നിക്ഷേപം സ്വീകരിച്ച ശേഷം ഫ്രാഞ്ചൈസി എന്ന പേരിൽ ധാരണപത്രം ഒപ്പിട്ടു നൽകിയിരുന്നു. നിക്ഷേപകരെ വിശ്വസിപ്പിക്കത്തക്കരീതിയിൽ പല കമ്പനികളും രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഇവ പ്രവർത്തിച്ചിരുന്നില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. മിക്ക ജില്ലകളിലും ഇവർക്ക് ബ്രാഞ്ചുകളുണ്ടായിരുന്നു. മാസങ്ങൾക്ക് മുന്നേ തനിക്കെതിരെയുള്ള അന്വേഷണം മുന്നിൽക്കണ്ട് പല ഘട്ടങ്ങളിലായി ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ച് മുങ്ങുകയായിരുന്നു പ്രവീൺ റാണ. തൃശ്ശൂർ പോലീസിനെ വെട്ടിച്ച് കൊച്ചിയിൽ നിന്ന് മുങ്ങിയ റാണയെ പിന്നീട് കോയമ്പത്തൂരിൽ നിന്നാണ് പിടികൂടിയത്. ഇത്തരത്തിൽ തട്ടിപ്പുകേസിൽ ഉൾപ്പെട്ട വ്യക്തിയെ പരിശീലകനാക്കിയ സ്ഥാപനത്തിൻ്റെ ഉദ്ദേശ ശുദ്ധിയെ സംബന്ധിച്ച ചർച്ചകൾ സമൂഹമാധ്യമങ്ങിൽ സജീവമാണ്. ഈ സ്ഥാപനത്തിന് പിന്നിൽ പ്രവീൺ റാണയാണെന്ന തരത്തിലുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്. തട്ടിപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട പരിശീലനമാണോ ഇതെന്നും അതുകൊണ്ടാണോ ഒറ്റ ദിവസത്തേക്ക് 15000 രൂപ ഈടാക്കുന്നതെന്ന സംശയവും പലരും സമൂഹമാധ്യമങ്ങളിൽ ഉയർത്തുന്നത്.