പാട്ന: ബീഹാറിന്റെ മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. തുടര്‍ച്ചയായി നാലാം തവണയാണ് നിതീഷ് സംസ്ഥാനത്തിന്റെ ഭരണചക്രം കൈയേറുന്നത്. ഇതുവരെ ആറ് തവണ നിതീഷ് ബീഹാറിന്റെ മുഖ്യമന്ത്രിയായിട്ടുണ്ട്. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവര്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ആര്‍.ജെ.ഡി അംഗങ്ങള്‍ സത്യപ്രതിജ്ഞയ്‌ക്ക് എത്തിയിട്ടില്ല. താരാ കിഷോര്‍ പ്രസാദ്, രേണു ദേവി എന്നിവര്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയാകും.
243 അംഗ നിയമസഭയില്‍ 125 സീറ്റുകള്‍ നേടിയാണ് എന്‍.ഡി.എ മുന്നണി ബീഹാറില്‍ അധികാരത്തിലെത്തിയത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകളായിരുന്നു. മുന്‍തിരഞ്ഞെടുപ്പുകളില്‍ നിന്ന് വിരുദ്ധമായി ഇത്തവണ നിതീഷിന്റെ ജനതാദള്‍ യുണൈറ്റഡിനെക്കാള്‍ സീറ്റ് നേടിയത് ബിജെപിയാണ്. 74 സീറ്റുകളാണ് ബിജെപി നേടിയത്. നിതീഷിന്റെ ജനതാദളിന് ലഭിച്ചതോ 43 സീറ്റുകള്‍ മാത്രം. ബിജെപി നേതാക്കളായ താരാ കിഷോര്‍ പ്രസാദും രേണു ദേവിയും ഉപമുഖ്യമന്ത്രിമാരാകുന്നതിനൊപ്പം പന്ത്രണ്ടോളം പേരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക. എന്നാല്‍ മുന്‍മന്ത്രിസഭയിലെ ഉപ മുഖ്യമന്ത്രിയായ സുശീല്‍ കുമാര്‍ മോദി ഈ മന്ത്രിസഭയിലുണ്ടാകില്ല. കേന്ദ്ര ഭരണത്തിലേക്ക് സുശീലിനെ ചേര്‍ക്കാനാണ് ബിജെപി കേന്ദ്ര തീരുമാനം.
പ്രതിപക്ഷ പാര്‍ട്ടികളായ ആര്‍.ജെ.ഡിയും കോണ്‍ഗ്രസും സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ചു. കടുത്ത ഭരണവിരുദ്ധ വികാരമുണ്ടായിട്ടും തേജസ്വിയാദവും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന മഹാഗഡ്ബന്ധന് അധികാരത്തിലെത്താനായില്ല. 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന്റെ തകര്‍ച്ചയായിരുന്നു മുഖ്യകാരണം. ബിജെപിയുടെ മികച്ച പ്രകടനത്തോടെ അധികാരത്തില്‍ മടങ്ങിയെത്താന്‍ നിതീഷിന് സാധിക്കുകയും ചെയ്‌തു. തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി നല്‍കിയ വാഗ്ദാനം പോലെ നിതീഷ് തന്നെ മുഖ്യമന്ത്രിയായി മാറി.