പട്ന: ബീഹാറിലെ ഒരു ജ്വല്ലറിയിൽ നിന്ന് പട്ടാപ്പകൽ തോക്കുചൂണ്ടി 25 കോടി രൂപയുടെ ആഭരണങ്ങൾ കൊള്ളയടിച്ചു. ബീഹാറിലെ അറാ ജില്ലയിലെ ഗോപാലി ചൗക്ക് ബ്രാഞ്ചിലെ ഒരു ജ്വല്ലറിയിൽ ഇന്ന് രാവിലെ (മാർച്ച് 10) ജീവനക്കാർ പതിവ് പോലെ ജോലിക്ക് എത്തിയതായിരുന്നു. തുടർന്ന്, ആറ് പേരടങ്ങുന്ന ഒരു സംഘം പെട്ടെന്ന് തോക്കുകളുമായി കടയിലേക്ക് അതിക്രമിച്ച് കയറി വാതിൽ അടച്ചു. കടയിലെ ജീവനക്കാരെ തോക്കുചൂണ്ടി നിർത്തി ആഭരണങ്ങൾ കവർന്നു. തുടർന്ന് സംഘം ജീവനക്കാരെ ആക്രമിക്കുകയും അവരിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആഭരണങ്ങൾ കവർച്ച ചെയ്ത ശേഷം അവർ ഇരുചക്രവാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ, പോലീസ് ഇവർക്ക് നേരെ വെടിയുതിർത്തു. തടുർന്ന് കവർച്ചക്കാരിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ഇവരെ പോലീസ് കസ്റ്റഡയിൽ എടുക്കുകയും ചെയ്തു.
സംഘം കവർച്ച ചെയ്ത ആഭരണങ്ങളുടെ മൂല്യം 25 കോടി രൂപയാണെന്നു പോലീസ് പറഞ്ഞു. ഇവരിൽ നിന്ന് രണ്ട് തോക്കുകളും 10 വെടിയുണ്ടകളും വാഹനങ്ങളും പിടിച്ചെടുത്തു. ഒരു പ്രത്യേക സംഘം രൂപീകരിച്ച് രക്ഷപ്പെട്ട 4 കൊള്ളക്കാരെ തിരയുകയാണെന്നും പോലീസ് പറഞ്ഞു.