കോന്നി : ഉന്നത നിലവാരത്തിൽ നിർമ്മിച്ച പുനലൂർ മൂവാറ്റുപുഴ പാതയിൽ കോന്നിയിൽ ഫ്രീക്കൻമാരുടെ ബൈക്ക് അഭ്യാസ പ്രകടനം പൊതുജനങ്ങൾക്ക് അപകട ഭീതി വർധിപ്പിക്കുന്നു. കുമ്പഴ മുതൽ കോന്നി വരെയുള്ള ഭാഗത്ത് ആണ് ബൈക്ക് അഭ്യാസം ഏറെയും. രണ്ടിലധികം പേർ ഒരുപോലെ അമിത വേഗതയിൽ ആണ് ഇതുവഴി സഞ്ചരിക്കുന്നത്. ഈ സമയം മറ്റ് വാഹനങ്ങൾ മുന്നിൽ പെട്ടാൽ അപകടം ഉറപ്പാണ്. റോഡിൽ അഭ്യാസ പ്രകടനം നടത്തുന്ന യുവാക്കളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപെട്ടിരുന്നു.
സമൂഹ മാധ്യമങ്ങളിൽ ലൈക്കും ഷെയറും വാങ്ങി കൂട്ടാൻ വേണ്ടി ആണ് പലരും ഇത്തരത്തിൽ ചെയ്യുന്നത്. പല വാഹനങ്ങൾക്കും നമ്പർ പ്ളേറ്റ് ഇല്ലാതെ സഞ്ചരിക്കുന്നതും നിയമ നടപടി സ്വീകരിക്കുന്നതിൽ അധികൃതരെ കുഴക്കുന്നുണ്ട്. ഹെൽമെറ്റും ജാക്കറ്റും ധരിച്ച് ബൈക്കിൽ വരുന്ന യുവാക്കളുടെ മുഖം തിരിച്ചറിയാനും പ്രയാസമാണ്. സാധാരണ രീതിയിൽ വാഹനം ഓടിക്കുന്ന ആളുകളും വഴിയാത്രക്കാരും ഇത്തരം അഭ്യാസികളെ പേടിച്ചാണ് റോഡിലൂടെ യാത്ര ചെയ്യുന്നത്. കോന്നി ചൈനമുക്ക് – മഠത്തിൽ കാവ് റോഡിലും ബൈക്ക് അഭ്യാസം നാട്ടുകാരുടെ ഉറക്കം കെടുത്തുന്നുണ്ട്.