കരുമാല്ലൂര്‍: പുതിയ കേബിള്‍ സ്ഥാപിക്കാന്‍ കെഎസ്ഇബി റോഡിലുണ്ടാക്കിയിരിക്കുന്ന കുഴിയില്‍ മറ്റൊരു യാത്രക്കാരന്‍കൂടി വീണു. തലയ്ക്കും കാലുകള്‍ക്കും പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാഞ്ഞാലി അത്താണി എയര്‍പോര്‍ട്ട് റോഡില്‍ മാഞ്ഞാലി മാവിന്‍ചുവടിന് സമീപമായിരുന്നു അപകടം. പറവൂര്‍ ജാറപ്പടി മേലയില്‍ സുലൈമാനാണ് പരിക്കേറ്റത്. ഹോട്ടല്‍ തൊഴിലാളിയായ സുലൈമാന്‍ തിങ്കളാഴ്ച പുലര്‍ച്ചെ ജോലിസ്ഥലത്തേക്ക് ബൈക്കില്‍ വരുന്നതിനിടെ റോഡരികിലുള്ള അഞ്ചടിയോളം ആഴമുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. ബൈക്കുള്‍പ്പെടെ കുഴിയിലേക്ക് വീഴുന്ന ശബ്ദംകേട്ട നാട്ടുകാരും മറ്റു യാത്രക്കാരും ഓടിയെത്തിയാണ് സുലൈമാനെ മുകളിലേക്ക് കയറ്റിയത്. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സബ് സ്റ്റേഷനില്‍നിന്ന് നേരിട്ട് വൈദ്യുതിയെത്തിക്കാനാണ് കെഎസ്ഇബി ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നത്. റോഡരികിലായി ഇടവിട്ട സ്ഥലങ്ങളില്‍ കുഴിയെടുത്ത് അവിടെനിന്ന് യന്ത്രമുപയോഗിച്ച് കേബിള്‍ മണ്ണിനടിയിലൂടെയാണ് സ്ഥാപിക്കുന്നത്. പണി തുടങ്ങിയിട്ട് രണ്ടര മാസത്തോളമായി. പക്ഷേ, ചിലയിടങ്ങളില്‍ ഇപ്പോഴും പണി പൂര്‍ത്തിയാക്കിയിട്ടില്ല. അതുകൊണ്ട് കുഴികളും മൂടിയിട്ടില്ല.ഈ കുഴികള്‍ക്കുസമീപം ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുമില്ല. മാഞ്ഞാലി റോഡില്‍ത്തന്നെ രണ്ടാഴ്ചമുന്‍പ് മറ്റൊരു കുഴിയില്‍ ഒറ്റദിവസം രണ്ട് ബൈക്ക് യാത്രക്കാര്‍ വീണിരുന്നു.
കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ മുപ്പത്തടം എടയാര്‍ റോഡിലും കെഎസ്ഇബിയുടെ കുഴിയില്‍ ഒരു യാത്രക്കാരന്‍ വീണിരുന്നു. അവിടെ നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ കെഎസ്ഇബി കുഴി മൂടുകയായിരുന്നു. റോഡിലൂടെ അപകടരഹിതമായ യാത്ര ഒരുക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഎം കരുമാല്ലൂര്‍ ലോക്കല്‍ സെക്രറി വി.എന്‍. സുനില്‍ ആവശ്യപ്പെട്ടു. ഇനിയും സുരക്ഷയൊരുക്കിയില്ലെങ്കില്‍ പണി തടസ്സപ്പെടുത്തിയുള്ള പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് കരുമാല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ടി.എ. മുജീബ് അറിയിച്ചു.