ഇരിങ്ങാലക്കുട : ഷെയർ മാർക്കറ്റിങിന്റെ മറവിൽ വലിയ ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് 150 കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ പോലീസ് പരാതിക്കാരിൽ നിന്നു മൊഴികളെടുത്തു. മൊഴികളുടെ അടിസ്ഥാനത്തിൽ കേസുകൾ രജിസ്റ്റർ ചെയ്തു വരികയാണ്. 55 പേരുടെ പരാതികളിൽ നിന്ന് ആറ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഒരെണ്ണം തൃശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചും ബാക്കി അഞ്ച് കേസുകൾ ഇരിങ്ങാലക്കുട സിഐയുമാണ് അന്വേഷിക്കുന്നത്. ബില്യൺ ബീസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ഇരിങ്ങാലക്കുട നടവരമ്പ് കിഴക്കേവളപ്പിൽ വീട്ടിൽ ബിബിൻ, ഭാര്യ ജൈത വിജയൻ, സഹോദരൻ സുബിൻ, ജനറൽ മാനേജർ സജിത്ത് എന്നിവരുടെ പേരിലാണ് കേസ്. കേരളത്തിനു പുറത്തും വിദേശത്തും തട്ടിപ്പ് നടന്നുവെന്ന് നിക്ഷേപകർ തന്നെ സാക്ഷ്യപ്പെടുത്തുമ്പോഴും നിലവിൽ ഇരിങ്ങാലക്കുട സ്റ്റേഷനിൽ മാത്രമാണ് ഇതു സംബന്ധിച്ച പരാതികൾ ലഭിച്ചിരിക്കുന്നത്. തട്ടിപ്പ് പുറത്തുവന്ന സ്ഥിതിക്ക് പരാതികളുടെ എണ്ണം കൂടുമെന്ന നിഗമനത്തിലാണ് പോലീസ്.
കേരളത്തിനു പുറത്തും ദുബായ് കേന്ദ്രീകരിച്ചുമെല്ലാം വൻതോതിൽ നിക്ഷേപ സമാഹരണം നടന്നുവെന്നും നിക്ഷേപകർ പറയുന്നു. ലഭിച്ച 55 പരാതികളിൽ പലതും കൂട്ടായി നൽകിയ പരാതികളാണ്. 32 പേർ ഒരുമിച്ചു നൽകിയ പരാതിയും ഇതിൽപ്പെടുന്നു. ബാക്കിയുള്ളവ വ്യക്തിപരമായ പരാതികളാണ്. കൂട്ടായി നൽകിയ പരാതികളിൽ ഉൾപ്പെട്ടവരിൽ ചിലരും വ്യക്തിപരമായ പരാതി നൽകിയിട്ടുണ്ട്. ഒരു കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപ നഷ്ടമായ എങ്ങണ്ടിയൂർ ചിറയത്ത് വീട്ടിൽ ബിന്ദു, പത്ത് ലക്ഷം വീതം നഷ്ടമായ ഇരിങ്ങാലക്കുട സോൾവെന്റ് വെസ്റ്റ് റോഡിൽ കല്ലുമാൻ പറമ്പിൽ രവി കൃഷ്ണദാസ്, കാരുമാത്ര സ്വദേശി രഞ്ജിത്ത്, പാലക്കാട് ശ്രീകൃഷ്ണപുരം മണ്ണംപേട്ട വടക്കേടത്ത് മന രമേഷ്, രണ്ട് കോടി അറുപത്തി അഞ്ച് ലക്ഷത്തി മുപ്പത്തിമൂവായിരം രൂപ നഷ്ടപ്പെട്ട എടക്കുളം കരുമാന്ത്ര വീട്ടിൽ സേതുരാമൻ, ചേലൂർ സ്വദേശി കരുമാന്ത്ര വീട്ടിൽ രഘുരാമൻ എന്നിവരുടെ പരാതികളിലാണ് കേസ് എടുത്തിരിക്കുന്നത്.
രഘുരാമനും ഭാര്യയും മകൻ കൃഷ്‌ണജിത്തും ചേർന്ന് 40 ലക്ഷം രൂപയാണ് 2021, 2023 വർഷങ്ങളിലായി നിക്ഷേപിച്ചത്. 2021ൽ നിക്ഷേപിച്ച ഘട്ടത്തിൽ വാഗ്ദാനം ചെയ്ത ലാഭവിഹിതം ആദ്യ മാസങ്ങളിൽ ലഭിച്ചിരുന്നതായി രഘുരാമൻ പറഞ്ഞു. രഘുരാമന്റേയും ഭാര്യയുടെയും പേരിൽ അഞ്ച് ലക്ഷം വീതവും മകന്റെ പേരിൽ 30 ലക്ഷവുമാണ് നിക്ഷേപിച്ചത്. 2024 തുടക്കത്തോടെ ബില്യൺ ബീസ് തകർച്ചയുടെ പാതയിലായെങ്കിലും പണം നഷ്ടപ്പെട്ടവർ ആരും പരാതി നൽകിയിരുന്നില്ല. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ആദ്യമായി ബില്യൺ ബിസിനെതിരേ പരാതി വരുന്നത്. സ്ഥാപനത്തിലെ 5 ജീവനക്കാർ ചേർന്ന് തൃശൂർ എസ്പിക്ക് പരാതി നൽകുകയായിരുന്നു. ഡിസംബര്‍ 14 നാണ് 32 പേർ എസ്‌പി ഓഫീസിലെത്തി പരാതി നൽകിയത്. പലരും ഇപ്പോഴും പണം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ പരാതി നൽകാതിരിക്കുകയാണ്. ഇതുകൂടാതെ വൻതുക നിക്ഷേപമായി നൽകിയവരും പരാതി നൽകാൻ മടിക്കുന്നുണ്ട്. നിക്ഷേപ തുകയുടെ ഉറവിടം പറയേണ്ടി വരുമെന്നതാണ് പലരേയും പിന്തിരിപ്പിക്കുന്നത്.
ഇതിനിടയിൽ പോലീസ് രജിസ്റ്റർ ചെയ്ത പ്രതി പട്ടികയിൽ കമ്പനി ഉടമകളുടെ ഒരു സഹോദരനെയും നടത്തിപ്പുകാരിലുണ്ടായിരുന്ന ഒരു മാനേജരേയും ഒഴിവാക്കിയതായി നിക്ഷേപകർ ആക്ഷേപം ഉയർത്തുന്നുണ്ട്. കമ്പനിയുടെ രണ്ട് മാനേജർമാരിൽ സജിത്ത് എന്ന മാനേജർക്കെതിരേ കേസെടുത്തുവെങ്കിലും രണ്ടുകൈ സ്വദേശിയായ റിജോയുടെ പേരിൽ കേസെടുത്തിട്ടില്ലെന്നാണ് ആരോപണം. നിക്ഷേപകർ നൽകിയ പരാതിയിൽ റിജോയുടെ പേരും ഉണ്ടായിരുന്നു. റിജോയ് ഇപ്പോൾ ദുബായിലെ ഒരു ബാങ്കിൽ ക്രെഡിറ്റ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നതെന്ന് നിക്ഷേപകർ പറയുന്നു. കമ്പനിയുടെ നടത്തിപ്പിലുണ്ടായിരുന്ന ബിബിന്റെ സഹോദരൻ ലിബിനെതിരെയും കേസെടുത്തിട്ടില്ലെന്ന് നിക്ഷേപകർ ആരോപിച്ചു.