ചെന്നൈ : കുങ്കുമക്കുറി ധരിച്ച് സ്‌കൂളില്‍ എത്തിയ വിദ്യാര്‍ത്ഥിയെ അധിക്ഷേപിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് അധ്യാപകര്‍ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ നടപടി സ്വീകരിച്ചത്. തെങ്കാശിയിലെ സര്‍ക്കാര്‍ എയ്ഡഡ് ക്രിസ്ത്യന്‍ സ്‌കൂളായ ബാര്‍ ബ്രുക്ക് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ക്കെതിരെയാണ് നടപടി. 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കലൈവാണിയെയാണ് സ്‌കൂളിലെ മൂന്ന് അദ്ധ്യാപകര്‍ ചേര്‍ന്ന് സഹപാഠികളുടെ മുന്നില്‍ നിര്‍ത്തി അധിക്ഷേപിച്ചത്.
തിലകവും കുങ്കുമവും ധരിച്ച് സ്‌കൂളിലെത്തിയ പെണ്‍കുട്ടിയെ അദ്ധ്യാപകര്‍ അപമാനിക്കുകയും മായ്‌ക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. സംഭവം പുറത്തുവന്നതോടെ സ്‌കൂളിലെ ഹിന്ദുവിരുദ്ധ നടപടിയ്‌ക്കെതിരെ ബിജെപിയും ഹൈന്ദവ സംഘടനകളും പ്രതിഷേധിച്ചെത്തി. പെണ്‍കുട്ടിയ്‌ക്കും കുടുംബത്തിനും പിന്തുണ പ്രഖ്യാപിച്ച് വിവിധ സംഘടനകള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. സംഭവം നടന്ന് ഒരാഴ്‌ച്ച കഴിഞ്ഞിട്ടും ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.
പിന്നാലെ ശക്തമായ പ്രതിഷേധവുമായി ബിജെപിയും മറ്റ് ഹിന്ദു സംഘടനകളും രംഗത്തെത്തി. തുടര്‍ന്ന് അധ്യാപകര്‍ക്കെതിരെ സ്‌കൂള്‍ മാനേജ്‌മെന്റ് നടപടി സ്വീകരിക്കുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഷന്‍ വിവരം അറിയിച്ചത്. ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ ബ്രൂക്ക് സ്‌കൂളില്‍ പഠിക്കുന്ന ഭൂരിഭാഗം പേരും ഹിന്ദു കുട്ടികളാണ്.
ഹൈന്ദവ സംസ്‌കാരം ആഗ്രഹിക്കുന്നില്ലെങ്കില്‍ അത്തരത്തിലുള്ള കുട്ടികള്‍ അഡ്മിഷന് വരുമ്പോള്‍ പറയണമായിരുന്നുവെന്ന് സംഘടനകള്‍ കുറ്റപ്പെടുത്തി. കുറി മായ്‌ക്കാന്‍ കുട്ടി വിസമ്മതിച്ചതോടെ സഹപാഠിയെ കൊണ്ട് മായിപ്പിക്കുകയായിരുന്നു. ഇക്കാര്യം പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞതിന് പിന്നാലെയാണ് വിവരം പുറത്തു വരുന്നത്.