തിരുവനന്തപുരം : ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതോടെ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തുമെന്ന് സൂചന. ഫെബ്രുവരിയിലെ സംസ്ഥാന സമ്മേളനത്തിനു മുൻപേ കോടിയേരി സെക്രട്ടറി സ്ഥാനത്തു മടങ്ങിയെത്താനാണ് സാധ്യത.
ഇഡി കേസിൽ ബിനീഷിന്റെ അറസ്റ്റിന് പിന്നാലേ കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു. തുടർ ചികിത്സ ആവശ്യമായതിനാൽ അവധി അനുവദിക്കുന്നു എന്നായിരുന്നു സി.പി.എം വിശദീകരണം. മാനദണ്ഡം അനുസരിച്ച് ഒരു തവണ കൂടി കോടിയേരിക്ക് സെക്രട്ടറിയാകാം. എറണാകുളത്ത് മൂന്നാമൂഴമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ചുമതല എ.വിജയരാഘവനു കൈമാറിയെങ്കിലും കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് തന്ത്രങ്ങള്‍ മെനഞ്ഞതും കുറ്റമറ്റരീതിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയതും കോടിയേരിയായിരുന്നു. സീറ്റുവിഭജനത്തിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളും ഘടകകക്ഷികള്‍ തമ്മിലുള്ള തര്‍ക്കവും പരിഹരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അടുത്തയാഴ്ചത്തെ സംസ്ഥാന സമിതി യോഗത്തിൽ കോടിയേരിയുടെ തിരിച്ചുവരവ് തീരുമാനിക്കപ്പെടാനാണ് സാധ്യത.