ബംഗ്ലൂരു: ബംഗ്ലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സ്വര്‍ണക്കടത്ത് കേസ് പ്രതി അബ്ദുല്‍ ലത്തീഫ് ബിനീഷിന്റെ ബിനാമിയും വ്യാപാര പങ്കാളിയുമാണെന്നാണ് എന്‍ഫോഴ്സ്മെന്റ് പറയുന്നത്.
ലഹരിക്കടത്തിലൂടെ ലഭിച്ച പണം ലത്തീഫായിരുന്നു കൈവശം വെച്ചിരുന്നതെന്നും തിരുവനന്തപുരത്തെ ഓള്‍ഡ് കോഫീ ഹൗസ് എന്ന സ്ഥാപനത്തില്‍ ഇരുവര്‍ക്കും പങ്കാളിത്തമുണ്ടെന്നെന്നും എന്‍ഫോഴ്സ് മെന്റ് വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇഡി തീരുമാനം. കമ്പിനി രേഖകളും ഇരുവരുടെയും സാന്നിധ്യത്തില്‍ പരിശോധിക്കും.
കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ബിനീഷിനെതിരെയുള്ള ഇഡിയുടെ പ്രധാന കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നുണ്ട്. 2012 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ബിനീഷ് കോടിയേരി വിവിധ അക്കൗണ്ടുകളിലൂടെ മയക്കുമരുന്ന് കേസിലെ മുഖ്യപ്രതി മുഹമ്മദ് അനൂപിന് 5,17,36,600 രൂപ കൈമാറി. ഇതേ കാലയളവില്‍ ബിനീഷ് ആദായ നികുതി വകുപ്പിന് നല്‍കിയ കണക്കുമായി ഈ തുക ഒട്ടും ഒത്തു പോകുന്നതല്ല. ഈ പണം മയക്കുമരുന്ന് കച്ചവടത്തിലൂടെ സമാഹരിച്ചതാണെന്നും റിപ്പോര്‍ട്ടിലുണ്ട്