ബെംഗളുരു : ബിനീഷ് കോടിയേരിയുടെ ബിസിനസ് സംരംഭങ്ങൾ കള്ളപ്പണം വെളുപ്പിക്കാനുള്ള മറയായിരുന്നെന്നും ഹോട്ടൽ നടത്താനാണു ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദിനു പണം കൊടുത്തതെന്ന മൊഴി മുഖവിലയ്ക്കെടുക്കാനാകില്ലെന്നും കർണാടക ഹൈക്കോടതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആരോപിച്ചു.
പലിശയോ ഈടോ ഇല്ലാതെ അനൂപിനു ലക്ഷങ്ങൾ കൈമാറിയത് അവിശ്വസനീയമാണെന്നും ലഹരിയിടപാടിലൂടെ കള്ളപ്പണം വെളുപ്പിക്കാനല്ലാതെ വായ്പയെടുത്തു പണം കൈമാറുമോ എന്നും ഇഡിക്കായി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ അമൻ ലേഖി ചോദിച്ചു. തിരുവനന്തപുരം ശംഖുമുഖത്തെ ഓൾഡ് കോഫി ഹൗസിന്റെ പേരിൽ വായ്പയെടുത്തെന്നു പറയുന്ന തുക ആദായനികുതി രേഖകളിൽ ഇല്ല. ലഹരിപാർട്ടിക്കിടെയാണ് ബിനീഷിനെ അനൂപ് പരിചയപ്പെടുത്തിയതെന്ന ലഹരിക്കേസ് പ്രതികളുടെ മൊഴിയും ശ്രദ്ധയിൽപ്പെടുത്തി.
ബിനീഷ് പറയുന്ന തരത്തിൽ മത്സ്യ, പച്ചക്കറി മൊത്തവ്യാപാരം നടത്തിയിട്ടുണ്ടെങ്കിൽ അതിലൂടെ അക്കൗണ്ടിലെത്തുന്ന ദിവസ വരുമാനത്തിന് കണക്കുണ്ടാകില്ലേ? ഇതിന്റെ രേഖകൾ ഹാജരാക്കാനായി വരുന്നവഴി കുടുംബസുഹൃത്ത് ട്രെയിനിൽ കവർച്ചയ്ക്കിരയായി എന്ന മൊഴി വിശ്വസിക്കാനാകില്ല. ബിനീഷിന്റെ പണം അനൂപിനു കൈമാറിയ ഡ്രൈവർ അനിക്കുട്ടനെയും വ്യാപാര പങ്കാളി എസ്. അരുണിനെയും ചോദ്യം ചെയ്യാനായി പലതവണ വിളിപ്പിച്ചിട്ടും ഹാജരായിട്ടില്ല.
സുതാര്യ ഇടപാടാണെങ്കിൽ ഇവർ മറഞ്ഞിരിക്കുന്നത് എന്തിന്? ബിനീഷ് ഡയറക്ടറായ ബെംഗളൂരുവിലെ ബീ ക്യാപിറ്റൽ ഫോറെക്സ് ട്രേഡിങ്, കേരളത്തിലെ ബി ക്യാപിറ്റൽ ഫൈനാൻഷ്യൽ സർവീസസ് എന്നിവയുടെ വിലാസത്തിൽ പറയുന്ന കെട്ടിടങ്ങളുടെ ഉടമകൾക്ക് കമ്പനികളെ കുറിച്ച് ഒന്നുമറിയില്ല. ഈ കടലാസു കമ്പനികൾ വഴി പണം വെളുപ്പിക്കലാണു നടന്നതെന്നും ആരോപിച്ചു. ലഹരി ബന്ധമാരോപിച്ചുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷിന്റെ ജാമ്യാപേക്ഷയിൽ ഇഡി വാദം പൂർത്തിയാക്കി. 23 നാണ് എതിർവാദം.