ന്യൂയോര്‍ക്ക് : കോവിഡ് സംബന്ധിച്ച് ‘വളരെ നിര്‍ണായക കണ്ടുപിടിത്തത്തോട് അടുക്കുകയായിരുന്ന ചൈനീസ് വൈദ്യശാസ്ത്ര ഗവേഷകന്‍ പെന്‍സില്‍വാനിയയില്‍ വെടിയേറ്റു മരിച്ച നിലയില്‍. പിറ്റ്സബര്‍ഗ് സര്‍വകലാശാലയിലെ അധ്യാപകനായ ബിങ് ലിയു (37)ണ് കൊല്ലപ്പെട്ടത്. വടക്കന്‍ പിറ്റ്സ്ബര്‍ഗിലെ റോസ് ടൗണ്‍ഷിപ്പിലെ സ്വവസതിയിലാണ് തലയ്ക്ക് വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ലീയുവിന്റെ വീടിന് പുറത്ത് കാറില്‍ ഹൗഗൂ(46) എന്നയാളുടെ മൃതദേഹവും കണ്ടെത്തി.
ലീയെ കൊലപ്പെടുത്തിയശേഷം അയാള്‍ സ്വന്തം കാറിലെത്തി വെടിവെച്ച് മരിച്ചതാണ് എന്നാണ് പോലീസിന്റെ അനുമാനം. ഇരുവര്‍ക്കും നേരത്തെ അറിയാമെന്നാണ് പോലീസ് കരുതുന്നത്. വളരെ കഴിവുള്ള ലിയു, കോവിഡ് ബാധയ്ക്ക് അടിസ്ഥാനമായ കോശ സംവിധാനങ്ങളെ മനസിലാക്കുന്നതില്‍ നിര്‍ണായക പുരോഗതി കൈവരിച്ചു വരികയായിരുന്നെന്ന് സര്‍വകലാശാലയിലെ കമ്പ്യുട്ടേഷണല്‍ ആന്‍ഡ് സിസ്റ്റംസ് ബയോളജി വകുപ്പിലെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു.