തിരുവനന്തപുരം: ഭരണഘടന ആമുഖം പൊളിച്ചെഴുതാനുള്ള ആര്‍ എസ് എസ്സിന്റെ പുതിയ നീക്കത്തെ ചെറുക്കുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലേയുടെ പ്രസ്താവന ഇന്ത്യാ വിരുദ്ധവും ആര്‍ എസ് എസ് ചേര്‍ത്തുപിടിക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഭാഗവുമാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവര്‍ അത് എന്നും പറഞ്ഞുകൊണ്ടേയിരിക്കുമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൗലിക സത്തയായി രാജ്യം എന്നും കണ്ട മൂല്യങ്ങളാണ് മതേതരത്വവും സോഷ്യലിസവും. തുടക്കം മുതലേ ആര്‍ എസ് എസ് പറഞ്ഞിരുന്നത് അവയെല്ലാം പാശ്ചാത്യമാണെന്നും അതില്‍ ഇന്ത്യയുടേതായി ഒന്നുമില്ല എന്നുമാണ്. ആ വാദം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി പറയുന്നത് അവയൊന്നും ഭരണഘടനയില്‍ ആവശ്യമില്ലായെന്ന്. ഈ രാജ്യം കൃത്യമായി അതിനുത്തരം നല്‍കുന്നു. ഭരണഘടനയുടെ സത്തയില്‍ തൊട്ടുകളിക്കാമെന്ന് ആരും പ്രതീക്ഷിക്കണ്ട. ഇന്ത്യ, ഇന്ത്യയായി തുടരണമെങ്കില്‍ ഭരണഘടനയില്‍ പരമാധികാരം വേണം, മതേതരത്വം വേണം, സോഷ്യലിസം വേണം. അവയാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആണിക്കല്ല് എന്നും ബിനോയ് വിശ്വം പ്രസ്താവിച്ചു.