എറണാകുളം : കേരളത്തിലെ ചില ആശുപത്രികള്‍ കേന്ദ്രീകരിച്ച് അണ്ഡ മാഫിയയുടെ വന്‍ തട്ടിപ്പ് നടക്കുന്ന ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. മിക്ക ആശുപത്രികള്‍ക്കും അവയവ മാഫിയയുമായി അടുത്ത ബന്ധമുണ്ടു്. ആശുപത്രികള്‍ കച്ചവട സ്ഥാപനങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. പനിയായി ആശുപത്രിയില്‍ എത്തിയാലും കിടക്കേണ്ടത് ഐ.സി.യു വിലാണ്. രോഗിയെ കൊള്ളയടിക്കുകയാണ് ലക്‌ഷ്യം. ശമ്പളത്തിന് പുറമേ തരക്കേടില്ലാത്ത കമ്മീഷനും ലഭിക്കുന്നതിനാല്‍ ഓപ്പറേഷന്‍ വേണ്ടാത്ത രോഗിയേയും കീറി മുറിക്കും. ആവശ്യമില്ലാത്ത ടെസ്റ്റും മരുന്നുകളും ഉണ്ടാകും.
എന്നാല്‍ ഇതിനെയും കടത്തിവെട്ടുന്ന രീതിയില്‍ അണ്ഡ മാഫിയ കേരളത്തില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്നു. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറംലോകത്ത് എത്തിക്കുവാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കി വ്യാജ മാധ്യമ പ്രവര്‍ത്തകനാക്കി തേജോവധം ചെയ്യുന്നതിനു പിന്നിലും ഈ മാഫിയ തന്നെയാണ്. കുട്ടികള്‍ ഇല്ലാതെ മാനസികമായി തകര്‍ന്നിരിക്കുന്ന ദമ്പതികളുടെ കയ്യില്‍ നിന്നും ചികിത്സയെന്ന പേരില്‍ ലക്ഷങ്ങളാണ് അടിച്ചുമാറ്റുന്നത്. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവരുടെ ചികിത്സക്ക് ദൈര്‍ഘ്യം ഏറും. കൂടുതല്‍ പണം ഈടാക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ കുറെ ദിവസങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ഒരു പ്രമുഖ ദിനപത്രത്തിൽ മധ്യകേരളത്തിലെ അത്ര പ്രശസ്തമല്ലാത്ത ഒരു ഐ വി എഫ് ആശുപത്രി അധികൃതരിൽ നിന്നും വ്യാജ മാധ്യമ പ്രവർത്തകൻ പണം വാങ്ങി എന്ന രീതിയില്‍ വാര്‍ത്ത വന്നിരുന്നു. ഈ പത്രത്തിന്റെ ഉടമസ്ഥതയിലുള്ള ടിവി ചാനലിന്റെ മൂവാറ്റുപുഴയിലെ സ്ട്രിങ്ങർ ആയിരുന്നിട്ടും ആ മാധ്യമ പ്രവര്‍ത്തകനെ വ്യാജനായി ചിത്രീകരിക്കുവാനായിരുന്നു ആ പത്ര മുത്തശ്ശിയുടെ ശ്രമം. പത്തനംതിട്ട മീഡിയയും ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ പിന്നീടുള്ള അന്വേഷണത്തില്‍ ആശുപത്രിയിലെ രഹസ്യങ്ങള്‍ പുറംലോകം അറിയാതിരിക്കുവാനുള്ള സംഘടിത ശ്രമത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു വാര്‍ത്ത വ്യാപകമായി പ്രചരിപ്പിച്ചത് എന്ന് ബോധ്യമായി.
ഇടുക്കി ശാന്തന്‍പാറ സ്വദേശിയായ ബിനു മാത്യു മാധ്യമരംഗത്ത് വര്‍ഷങ്ങളുടെ അനുഭവ പരിജ്ഞാനം ഉള്ളയാളാണ്. കോലഞ്ചേരിയില്‍ താമസിച്ചുകൊണ്ട് മൂവാറ്റുപുഴയിലാണ് ഇദ്ദേഹം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. സൗത്ത് എഡിഷൻ ലൈവ് എന്ന ഓൺലൈൻ വാർത്താ മാധ്യമത്തിന്റെ അമരക്കാരനുമാണ് ബിനു മാത്യു. ആരോപണം ഉയർന്ന ഐ വി എഫ് ഹോസ്പിറ്റൽ പരിസരത്തും അകത്തും ചെന്ന് രംഗങ്ങൾ പകർത്തുകയും വാർത്ത ശേഖരിക്കുകയും ചെയ്തത് അറിഞ്ഞതിനെ തുടർന്ന് ആശുപത്രി അധികൃതർ ബിനുവുമായി ബന്ധപ്പെടുകയും വാര്‍ത്ത പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. പരസ്യം നല്‍കാമെന്ന ഓഫര്‍ നല്‍കി ആശുപത്രിയില്‍ എത്തിച്ച മാധ്യമ പ്രവര്‍ത്തകനെ ഒളിക്യമറയില്‍ കുടുക്കുകയായിരുന്നു. പരസ്യത്തിന്റെ കാര്യങ്ങള്‍ സംസാരിക്കുന്നതിനു മുമ്പുതന്നെ അതിന്റെ അഡ്വാന്‍സ് എന്ന നിലയില്‍ പണം നല്‍കി അത് ക്യാമറയില്‍ ചിത്രീകരിച്ചു. ഈ വീഡിയോ ഉപയോഗിച്ച് പോലീസില്‍ പരാതി നല്‍കി ബിനുവിനെ കുടുക്കുവനാണ് ശ്രമം നടന്നുകൊണ്ടിരിക്കുന്നത്.
തന്നെ കുടുക്കുവാനുള്ള ശ്രമം തുടങ്ങിയപ്പോഴേ ബിനു മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയും സ്ഥലത്തുനിന്നും മാറി നില്‍ക്കുകയും ചെയ്തുവെന്നാണ് വിവരം. ഇതില്‍ കലിപൂണ്ട ആശുപത്രി അധികൃതരുടെ സ്വാധീനത്തില്‍ ഭാര്യയും മകനും മാത്രമുള്ള ബിനുവിന്റെ കോലഞ്ചേരിയിലെ വീട്ടിൽ പോലീസ് എത്തി അതിക്രമം കാണിച്ചതായി ലൈവ് ടി വി യു ട്യൂബ് ചാനലിലൂടെ ദൃശ്യങ്ങൾ സഹിതം റിപ്പോർട്ട് ചെയ്തിരുന്നു. തനിക്കെതിരെ ഭീഷണി ഉണ്ടെന്നും പോലീസ് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് ബിനു മാത്യു മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന്റെ തൊട്ടടുത്ത ദിവസമാണ് പോലീസ് ബിനുവിന്റെ വീട്ടിൽ അതിക്രമം കാണിച്ചതെന്നും ലൈവ് ടി വി റിപ്പോർട്ട് ചെയ്തു . വനിതാ പോലീസ് ഇല്ലാതെ സ്ത്രീയും കുട്ടിയും മാത്രം ഉള്ളപ്പോഴാണ് പോലീസ് വീട്ടില്‍ കയറിയത്. പോലീസിന്റെ നടപടിയെ എതിർത്ത ബിനുവിന്റെ ഭാര്യക്കെതിരെ കേസെടുത്തുകൊണ്ടാണ് ഇതിനു പകരം വീട്ടിയത്. പോലീസിന്റെ കൃത്യ നിർവ്വഹണത്തിനു തടസ്സം നിന്നുവെന്നതായിരുന്നു കുറ്റം. ചുരുക്കത്തില്‍ ബിനുവെന്ന മാധ്യമ പ്രവര്‍ത്തകനെ എങ്ങനെയും കുടുക്കുവാനുള്ള സംഘടിത ശ്രമമാണ് നടന്നുവന്നത്.
ഇതിനിടെ പ്രസ്തുത വാർത്താ ക്ലിപ്പുകളും വിവരങ്ങളും ബിനു മാതൃഭൂമി ടെലിവിഷന് കൈമാറി എന്ന് കരുതപ്പെടുന്നു . ഈ വിഷയത്തിൽ തിരുവനന്തുപുരത്തു നിന്നും വാർത്ത റിപ്പോർട്ട് ചെയ്ത സീനിയർ റിപ്പോർട്ടർ ഡി.പ്രമേഷ് കുമാർ വാർത്ത ശേഖരിച്ചത് മധ്യകേരളത്തിലെ ഓൺലൈൻ മാധ്യമ പ്രവർത്തകനിൽ നിന്നുമാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ബിനു ശേഖരിച്ച വാർത്തയുടെ ഉള്ളടക്കം പൂർണ്ണമായി വ്യക്തമല്ല എങ്കിലും പ്രമേഷ് കുമാറിന്റെ വാർത്തയെ തുടർന്ന് മാതൃഭൂമി ന്യൂസ് പ്രശസ്ത വന്ധ്യതാ ചികിത്സക ഡോക്ടർ സ്വീറ്റിയുമായി നടത്തിയ അഭിമുഖത്തിൽ ഈ പ്രശ്‌നത്തിന്റെ രൂക്ഷമായ വശം വ്യക്തമാകുന്നുണ്ട് .
അണ്ഡം കൊടുത്തതിനു ശേഷമുണ്ടായ ദേഹ അസ്വസ്ഥതകൾക്ക് വേണ്ടി നാല് സ്ത്രീകൾ തന്നെ സമീപിച്ചിരുന്നു എന്നും തുടർച്ചയായ അണ്ഡദാനത്തിനുവേണ്ടി ഹോർമോണുകളുടെ അമിത കുത്തിവയ്പ്പ് എടുക്കുന്നുണ്ടെന്നും അതിനാല്‍ അവർ ശാരീരികമായി ആകെ തളർന്നിരുന്നുവെന്നും ഡോക്ടർ സ്വീറ്റി വെളിപ്പെടുത്തി. സാധാരണ ഒരു അണ്ഡമാണ് ഒരു ആർത്തവ ചക്രത്തിനുള്ളിൽ ഒരു സ്ത്രീയിൽ ഉണ്ടാകുക . എന്നാൽ ഹോർമോൺ കുത്തിവെച്ചാല്‍ ഇത് ആറുമുതൽ എട്ടുവരെ അണ്ഡം ഒരു സ്ത്രീയിൽ നിന്നും ലഭിക്കും. അണ്ഡത്തിന്റെ എണ്ണം കൂടുന്നത് ആശുപത്രിക്കു ലാഭമാണ്. രണ്ടു ലക്ഷം രൂപയാണ് ആവശ്യക്കാരിൽ നിന്നും ലഭിക്കുക . എന്നാൽ അണ്ഡ ദാതാവായ സ്ത്രീക്ക് പതിനായിരം മുതൽ ഇരുപതിനായിരം രൂപ വരെ മാത്രമേ ലഭിക്കൂ എന്ന് ഡോക്ടർ സ്വീറ്റി മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി. എന്നാൽ ഒരു സ്ത്രീയിൽ നിന്നും ലഭിക്കുന്ന എട്ടു അണ്ഡങ്ങൾ ആവശ്യക്കാരായ രണ്ടു ദമ്പതികൾക്ക് കൈമാറുമ്പോൾ ആശുപത്രിക്കു ലഭിക്കുന്നത് നാല് ലക്ഷം രൂപയാണ് എന്നതാണ് വാസ്തവം. ഇത്തരത്തിൽ എട്ടു അണ്ഡം ഒരു സ്ത്രീയിൽ നിന്നും ലഭിക്കുന്നതിന് തുടർച്ചയായി പതിനഞ്ചു ദിവസത്തോളം ഹോർമോൺ കുത്തിവെയ്പ്പ് നടത്തേണ്ടി വരുമെന്ന് ഡോക്ടർ സ്വീറ്റി പറയുന്നു. ദരിദ്ര കുടുംബങ്ങളിലുള്ള സ്ത്രീകളാണ് ഈ മാഫിയയിൽ പെട്ടുപോകുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതിനാല്‍ എല്ലാ മാസവും അണ്ഡം ദാനം ചെയ്യാൻ ഇവർ തയ്യാറാകുന്നു. അങ്ങനെ വരുമ്പോഴാണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് . ഇത്തരം ചികിത്സയിലൂടെ ഉണ്ടാകുന്ന കുട്ടികൾക്ക് ജനിതക തകരാർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് . അങ്ങനെ ഉണ്ടായാൽ സ്വീകരിക്കുന്ന ദമ്പതികൾക്ക് ഒരിക്കലും കുട്ടികളെ ഉപേക്ഷിക്കാൻ സാധിക്കുകയില്ല എന്നതാണ് നിയമം .
ഡോക്ടർ സ്വീറ്റിയുടെ വാക്കുകളിലൂടെ ബിനു മാത്യു എന്ന സ്വതന്ത്ര മാധ്യമ പ്രവർത്തകൻ ഈ അനാരോഗ്യ പ്രവണതയെ തുറന്നു കാണിക്കുവാൻ ശ്രമം നടത്തിയിരുന്നു എന്ന് വേണം അനുമാനിക്കാൻ. എന്നാൽ ആശുപത്രി അധികൃതർ ഉയർത്തിയ പ്രലോഭനത്തിൽ പെട്ടുപോയ അദ്ദേഹം കൂടുതൽ കുടുക്കുകളിലേക്കാണ് വീണുപോയത്. ബിനുവിനെ കരുതിക്കൂട്ടി ചതിക്കുകയായിരുന്നു. നിയമപാലകര്‍ സത്യം മനസ്സിലാക്കാൻ ശ്രമിക്കാതെ ബിനുവിനെതിരെ കുരുക്ക് കൂടുതൽ മുറുക്കിക്കൊണ്ടിരിക്കുന്നുവെന്ന് സംശയിക്കുന്നു. ഈ വിഷയത്തിൽ തുടർച്ചയായി ഒരു ദിനപത്രത്തിൽ മാത്രം വരുന്ന വാർത്തകൾ അത്തരം പ്രതീതി ആണ് നൽകുന്നത്. ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തയിൽ ബിനുവിനൊപ്പം അഞ്ചു യുവതികളെ കാണാതായതായി എന്നും ആ പത്രത്തിലുണ്ട്. ഭാര്യയോടൊപ്പം ബിനു നടത്തിയിരുന്ന മാധ്യമ സ്ഥാപനത്തിൽ ജോലി ചെയ്‌തിരുന്നവരും ആശുപത്രിയിലെ ഒരു സ്റ്റാഫുമാണ് കാണാതായിരുന്നത് എന്നാണ് വാര്‍ത്ത. അതുകൊണ്ടുതന്നെ ഈ ആശുപത്രി സ്റ്റാഫിൽ നിന്നുമായിരിക്കാം ഒരു പക്ഷെ ബിനുവിന് വിവരം കിട്ടിയത് എന്ന് കരുതുന്നു.
ബിനു പണം വാങ്ങി മാധ്യമ പ്രവർത്തനം നടത്തിയിട്ടുണ്ടെങ്കില്‍ അത് നിയമപരമായി നേരിടണം. എന്നാല്‍ അതെന്തിന് വേണ്ടിയായിരുന്നു എന്നും അതിന്റെ നിജസ്ഥിതി എന്താണെന്നും അന്വേഷിക്കുവാനുള്ള ബാധ്യത പോലീസിനുമുണ്ട്. ഇതിന്റെ സത്യാവസ്ഥ പുറത്തുവരാത്തിടത്തോളം കാലം അറിവില്ലാത്ത നിരവധി സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടും. ഗുരുതരമായ ആരോഗ്യ പ്രശ്നത്താല്‍ അവരുടെ ജീവന്‍ തന്നെ പൊലിഞ്ഞുപോകാം.
മാതൃഭൂമി ന്യൂസിലൂടെ ഡോക്ടർ സ്വീറ്റി തുറന്നുപറഞ്ഞ കാര്യങ്ങള്‍ ഏറെ ഗൌരവമേറിയതാണ്. ചില ഐ.വി.എഫ് ചികിത്സാ കേന്ദ്രങ്ങള്‍ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാതെയാണ് ഹോർമോൺ കുത്തി വെച്ച് അണ്ഡം സ്വീകരിക്കുന്നതെന്നും ഒരു സ്ത്രീയിൽ നിന്നും എത്ര തവണ അണ്ഡം സ്വീകരിക്കാം എന്ന് മാർഗ്ഗ നിർദ്ദേശത്തിൽ വ്യവസ്ഥചെയ്തിട്ടില്ലെന്നും ഡോക്ടര്‍ പറയുന്നു. അതുകൊണ്ടുതന്നെയാണ് ബോധപൂര്‍വമുള്ള ഈ ചൂഷണം നിര്‍ബാധം നടക്കുന്നത്. ഇടനിലക്കാരും ആശുപത്രി മുതലാളിമാരുമാണ് ഇതിലൂടെ സമ്പന്നരാകുന്നത്.
ബിനുവിനെ ചതിയില്‍പ്പെടുത്തി ഒതുക്കിയാലും സത്യങ്ങള്‍ പുറത്തുവരികതന്നെ ചെയ്യും. തികച്ചും നികൃഷ്ടമായ നടപടിയെന്നാണ് കേരളാ ഓണ്‍ ലൈന്‍ മീഡിയാ അസോസിയേഷന്‍ ഭാരവാഹികള്‍ പ്രതികരിച്ചത്. ഇതിനെതിരെ നിയമപരമായി പോരാടുന്ന ബിനു മാത്യുവിന് എല്ലാ പിന്തുണയും അസോസിയേഷന്‍ വാഗ്ദാനം ചെയ്തു.