മാന്നാര്‍ : പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വീയപുരം പഞ്ചായത്തിലെ വെള്ളംകുളങ്ങരയില്‍ ഇന്നലെ (ജനുവരി 21) 6920 താറാവുകളെ നശിപ്പിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ കൊന്ന താറാവുകളെ ഗ്രാമപഞ്ചായത്തിന്റെ കൂടി സഹകരണത്തോടെ കത്തിച്ചു. നേരത്തെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് വീയ്യപുരം പഞ്ചായത്തിലേക്ക് പുറത്തുനിന്നും പക്ഷികളെ എത്തിക്കുന്നതിന് ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയ നിരോധനം ലംഘിച്ച് താമരക്കുളം പഞ്ചായത്തില്‍നിന്നും കൊണ്ടുവന്ന താറാവുകള്‍ക്കാണ് രോഗം ബാധിച്ചത്.
നഷ്ടപരിഹാരം ലഭിക്കുന്നതിനായി ബോധപൂര്‍വ്വം താറാവുകളെ കൊണ്ടുവന്നത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. നഷ്ടപരിഹാരം നല്‍കില്ലെന്ന് ഉടമയെ രേഖാമൂലം അറിയിച്ച ശേഷമാണ് താറാവുകളെ നശിപ്പിക്കുന്ന നടപടി ആരംഭിച്ചത്. രോഗവ്യാപനത്തിന് ഇടയാക്കിയതിന് ഉടമയ്‌ക്കെതിരെ കേസെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പോലീസിനെയും മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസറെയും കളക്ടര്‍ ചുമതലപ്പെടുത്തി.