കോഴിക്കോട് : പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍, വേങ്ങേരി പ്രദേശത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ വളര്‍ത്തുപക്ഷികളെ കൊന്ന് ദഹിപ്പിക്കാന്‍ തീരുമാനം. ഇതിനായി മൃഗസംരക്ഷണ വകുപ്പ് അഞ്ചുപേര്‍ വീതമുള്ള 25 പ്രതിരോധ സംഘങ്ങളെ നിയോഗിച്ചു. കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലെ രണ്ട് കോഴി ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഒരെണ്ണം കോഴിഫാമും ഒന്ന് നഴ്‌സറിയുമാണ്.
വ്യാഴാഴ്ച തന്നെ രണ്ട് ഫാമുകളിലെയും കോഴികള്‍ക്ക് പക്ഷിപ്പനി ബാധിച്ചിട്ടുണ്ടോയെന്ന് സംശയം തോന്നിയിരുന്നു. മൃഗസംരക്ഷണവകുപ്പിന്റെ കണ്ണൂര്‍ മേഖലാ ലബോറട്ടറിയിലെ പരിശോധനയില്‍ പക്ഷിപ്പനി സംശയം ബലപ്പെട്ടു. തുടര്‍ന്ന് വെള്ളിയാഴ്ച സാമ്പിളുകള്‍ വിമാനമാര്‍ഗം ഭോപ്പാലിലെ ലബോറട്ടറിയില്‍ പരിശോധിച്ച് പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കിയെന്നും മൃഗ സംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എല്ലാവിധ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചെന്ന് വനംമന്ത്രി കെ രാജു പ്രതികരിച്ചു. രോഗം പടരാതിരിക്കാന്‍ ഫാമുകള്‍ക്ക് ചുറ്റും പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.