മലപ്പുറം : പക്ഷിപ്പനി സ്ഥിരീകരിച്ച പരപ്പനങ്ങാടിയില്‍ കോഴികളെയും വളര്‍ത്തുപക്ഷികളേയും കൊന്നൊടുക്കുന്നത് ഇന്ന് തുടങ്ങും. പരപ്പനങ്ങാടി പാലത്തിങ്ങലിലും ഒരു കിലോമീറ്റര്‍ ചുറ്റളവിലുമുള്ള നാലായിരത്തോളം കോഴികളേയും വളര്‍ത്തു പക്ഷികളേയുമാണ് കൂട്ടത്തോടെ കൊന്നൊടുക്കുക.
പാലത്തിങ്ങലിലെ ഒരു വീടിനോട് ചേര്‍ന്ന് നടത്തിയിരുന്ന ഫാമിലെ കോഴികള്‍ ചത്തത് പക്ഷിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെയാണ് നടപടി. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് റാപ്പിഡ് റെസ്‌പ്പോണ്‍സ് ടീമുകളാണ് കോഴികളേയും പക്ഷികളേയും കൊന്ന് സംസ്‌ക്കരിക്കുന്നത്. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ 15,16, 17, 28, 29 വാര്‍ഡുകളിലെ മുഴുവന്‍ പക്ഷികളേയും കൊല്ലാനാണ് തീരുമാനം.
മൂന്നുദിവസം കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കാനാണ് ടീമിനോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. പ്രദേശത്തുനിന്നും കോഴികളേയും പക്ഷികളേയും മാറ്റുന്നത് തടയാന്‍ മോട്ടോര്‍വാഹന വകുപ്പും പോലിസും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പക്ഷികളെ സുരക്ഷിതമായി കത്തിച്ചു കൊല്ലുന്നതിനായി ഇരുപത് ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്.