തിരുവനന്തപുരം : സംസ്ഥാനത്ത് സിപിഎം – ബിജെപി ഡീല്‍ എന്ന ആര്‍എസ്‌എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കറിന്റെ ആരോപണത്തിന് പിന്നാലെ വിമര്‍ശനം ശക്തമാക്കി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും. സിപിഎം- ബിജെപി ഡീല്‍ നടന്നത് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ വെച്ചാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പരാജയ ഭീതിയാണ് അവരെ ഇത്തരമൊരു ഡീലിലേക്ക് നയിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി- സിപിഎം അന്തര്‍ധാര കേരളത്തില്‍ സജീവമാണ്. പരാജയ ഭീതിയില്‍ നിന്നും രക്ഷപെടാന്‍ വേണ്ടിയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇത്തരമൊരു രഹസ്യ ധാരണയിലേക്ക് പോയിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ ഭരണവും ബിജെപിക്ക് പത്ത് സീറ്റും എന്നതാണ് ഡീലെന്നും ഹസന്‍ പറഞ്ഞു. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം- ബിജെപി രഹസ്യ ധാരണയെന്ന ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെയാണ് വിമര്‍ശനവുമായി യുഡിഎഫ് കണ്‍വീനര്‍ രംഗത്തെത്തിയത്.