തിരുവനന്തപുരം : കഴക്കൂട്ടം കാട്ടായിക്കോണത്ത് സിപിഎം-ബിജെപി സംഘര്‍ഷം. തങ്ങളുടെ ബൂത്ത് ഏജന്റുമാരെ ആക്രമിച്ചെന്ന് ബിജെപി പ്രവര്‍ത്തകർ പരാതി നൽകി. സ്ത്രീകളെ അടക്കം ആക്രമിച്ചെന്നും ഒരാൾക്ക് പരിക്കേറ്റെന്നുമാണ് ബിജെപിയുടെ ആരോപണം. പോത്തൻകോട് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതി ശാന്തമാക്കാനുള്ള ശ്രമം തുടരുകയാണ്.
ബിജെപിയുടെ പ്രധാന നേതാക്കൾ സ്ഥലത്തേക്ക് എത്തി. കഴക്കൂട്ടം ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രൻ സ്ഥലത്തെത്തി. തൃശൂരിൽ വോട്ട് ചെയ്യാൻ പോകുന്നത് റദ്ദാക്കിയാണ് ശോഭാ സുരേന്ദ്രൻ സംഭവ സ്ഥലത്തെത്തിയത്. കാട്ടായിക്കോണത്ത് നേരത്തെയും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും ഫ്ലക്സ് ബോര്‍ഡുകളടക്കം നശിപ്പിക്കുന്ന സ്ഥിതിയായിരുന്നുവെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.
ഇതുമായി ബന്ധപ്പെട്ട് നേരത്തെ 5 പരാതികൾ നൽകിയിട്ടുണ്ട്. കടംപള്ളി സുരേന്ദ്രന് വേണ്ടി ഒരു വിഭാഗം പോലീസുകാരുടെ പിന്തുണയോടെയാണ് ആക്രമണം നടക്കുന്നതെന്നും ശോഭ ആരോപിച്ചു. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. അടിയന്തിരമായി ക്രമിനലുകളെ കസ്റ്റഡിയിൽ എടുക്കണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.