ദില്ലി : നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിഹാറിൽ മിഥിലയ്ക്കടുത്ത് സിതാമർഹിയിലെ സീതാ ക്ഷേത്രത്തിൻ്റെ നവീകരണവും പുനരുദ്ധാരണവും ചർച്ചയാക്കി ബിജെപി. കേന്ദ്രമന്ത്രി അമിത് ഷാ തന്നെയാണ് ഈ വിഷയം ചർച്ചയാക്കി ആദ്യം രംഗത്ത് വന്നത്. സീതാ ക്ഷേത്രം പുതുക്കിപ്പണിതതിന്റെ ബഹുമതി ബിജെപിക്ക് വിട്ടുനൽകരുതെന്ന് പ്രധാന പ്രതിപക്ഷമായ രാഷ്ട്രീയ ജനതാദൾ (ആർജെഡി) പ്രതികരിച്ചു. ബിജെപിയുടെ സഖ്യകക്ഷി കൂടിയായ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ (യുണൈറ്റഡ്) പദ്ധതിക്ക് കൂടുതൽ കേന്ദ്ര ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്. കഴിഞ്ഞ ഞായറാഴ്ച അഹമ്മദാബാദിൽ നടന്ന “ശശ്വത് മിഥില മഹോത്സവ് 2025” പരിപാടിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സീതാക്ഷേത്രത്തെ കുറിച്ച് പ്രസംഗിച്ചത്. ‘അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചു കഴിഞ്ഞു, ഇനി ബിഹാറിൽ (സീതാമർഹിയിൽ) ഒരു വലിയ സീതാക്ഷേത്രം നിർമ്മിക്കേണ്ട സമയമാണ്. സീതാദേവി തന്റെ ജീവിതത്തിലൂടെ പകർന്ന സന്ദേശം ഈ മഹത്തായ ക്ഷേത്രത്തിലൂടെ പകർന്നുനൽകും. ബിഹാറിൽ തീർച്ചയായും മാ ജാനകി ക്ഷേത്രം നിർമ്മിക്കും’ – എന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്.