തൃശൂര്‍ : കൊടകര കുഴൽപ്പണ കേസില്‍ ബിജെപി ബന്ധം വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. പണവുമായി വന്ന സംഘത്തിന് തൃശൂരില്‍ മുറിയെടുത്ത് നല്‍കിയത് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണെന്ന് വ്യക്തമായി. ഇത് സംബന്ധിച്ച് സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചു.
തൃശൂര്‍ എം.ജി റോഡിലെ നാഷ്ണല്‍ ടൂറിസ്റ്റ് ഹോമിലാണ് മുറി എടുത്തത്. ഏപ്രില്‍ 2 ന് വൈകിട്ട് ഏഴ് മണിയോടെ ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് രണ്ട് റൂം ബുക്ക് ചെയ്തു. അന്ന് അര്‍ധ രാത്രിയോടെ ധര്‍മരാജന്‍, ഷംജീര്‍, റഷീദ് എന്നിവര്‍ രണ്ട് വാഹനങ്ങളിലായി എത്തി. ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ ഇവര്‍ പോവുകയും ചെയ്തു. തുടര്‍ന്നാണ് കൊടകരയില്‍ വെച്ച് പണവും കാറും തട്ടിയെടുക്കുന്നത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്ന് കാണിച്ച് ധർമ്മരാജന്റെ ഡ്രൈവര്‍ കൂടിയായ ഷംജീര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
ഈ സംഘം ഹോട്ടലില്‍ താമസിച്ചതിന്റെ രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചു. പാര്‍ക്കിംഗ് ഏരിയ, റിസപ്ഷന്‍ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പണം കൊടുത്തുവിട്ട യുവമോര്‍ച്ച മുന്‍ നേതാവ് സുനില്‍ നായിക്കിനെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റ തീരുമാനം. പണം കൊണ്ടു വന്ന ധര്‍മരാജന്‍, ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്ത എന്നിവരെയും വീണ്ടും വിളിച്ചു വരുത്തും.