കൊച്ചി : 42 തദ്ദേശ വാർഡുകളിലേക്കുള്ള ഉപ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയത് ചരിത്ര വിജയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. തൃപ്പൂണിത്തുറയിലെ അട്ടിമറിജയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ഫലസൂചനയാണ്. തൃക്കാക്കരയിൽ ഇരുമുന്നണികളും ആശയക്കുഴപ്പത്തിലായെന്നും എൽഡിഎഫിനും യുഡിഎഫിനും പരാജയഭീതിയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്തെ 42 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്കാണ് മുൻതൂക്കം. 24 വാര്‍ഡുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ12 വാര്‍ഡുകൾ യുഡിഎഫ് നേടി. ആറിടത്താണ് ബിജെപിക്ക് വിജയിക്കാനായത്. വലിയ വിജയത്തിനിടയിലും തൃപ്പൂണിത്തുറയിലും വെളിനെല്ലൂർ പഞ്ചായത്തിലും ഇടത് മുന്നണിക്ക് കേവല ഭൂരിക്ഷം നഷ്ടമായി. തൃപ്പുണിത്തുറ നഗരസഭയിൽ രണ്ട് സീറ്റുകൾ എൻഡിഎ പിടിച്ചെടുത്തതോടെയാണ് എൽഡിഎഫിന് കേവല ഭൂരിപക്ഷം നഷ്ടമായത്. വെളിനെല്ലൂരിൽ യുഡിഎഫും ഇടതിന്റെ സീറ്റും പിടിച്ചെടുത്തു. നെടുമ്പാശേരി പഞ്ചായത്തിലെ 17ാം വാർഡ് യുഡിഎഫ് നിലനിർത്തിയതോടെ ത്രിശങ്കുവിലായിരുന്ന പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിർത്തി.
കൊച്ചി കോർപ്പറേഷനിലെ 62 ആം ഡിവിഷനിൽ ബിജെപി വിജയിച്ചു. ബി.ജെ.പിയിലെ പത്മജ എസ് മേനോൻ 77 വോട്ടുകൾക്കാണ് സീറ്റ് നിലനിർത്തിയത്. യുഡിഎഫിന്റെ കുത്തകയായിരുന്ന ഈ സീറ്റ് കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ബിജെപി പിടിച്ചെടുത്തത്. എന്നാൽ കൗൺസിലര്‍ പിന്നീട് മരണപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഈ സീറ്റ് ബിജെപി നിലനിര്‍ത്തി.
കൊല്ലം ജില്ലയിലെ രണ്ടു പഞ്ചായത്തുകളില്‍ ഭരണമാറ്റത്തിന് കളമൊരുങ്ങി. എല്‍ ഡി എഫ് ഭരിക്കുന്ന വെളിനല്ലൂർ പഞ്ചായത്തിലെ മുളയറച്ചാൽ വാർഡ് യുഡിഎഫ് പിടിച്ചെടുത്തതോടെ പഞ്ചായത്തിൽ ഭരണമാറ്റമുണ്ടാകും. ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫും പിടിച്ചെടുത്തു. ഇതോടെ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഇരുമുന്നണികള്‍ക്കും തുല്യനിലയാണ്.
8 വീതം അംഗങ്ങള്‍. ഇവിടെ ഓരോ അംഗങ്ങള്‍ വീതമുളള എസ്ഡിപിഐയുടെയും ബിജെപിയുടെയും നിലപാടാകും നിർണായകമാവുക. കൊച്ചി, കണ്ണൂർ നഗരസഭകളില്‍ മുന്നണികള്‍ സിറ്റിങ് സീറ്റുകള്‍ നിലനിർത്തിയതിനാല്‍ പഴയസ്ഥിതി തുടരും. കണ്ണൂരില്‍ ഏറെ ശ്രദ്ധേയ മത്സരം നടന്ന മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ മുഴപ്പിലങ്ങാട് പഞ്ചായത്ത് ആറാം വാർഡ് ഇടതുമുന്നണി നിലനിർത്തി.