പത്തനംതിട്ട : ളാഹ മഞ്ഞത്തോട് താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്ക് ആവശ്യസാധനങ്ങൾ എത്തിച്ചു നൽകി ബിജെപി പെരുനാട് പഞ്ചായത്ത് കമ്മിറ്റി. ഇതിനു മുൻപും വസ്ത്രവും ആഹാരവും മരുന്നുകളും ഇവർ എത്തിച്ചു നൽകിയിട്ടുണ്ട്. മഞ്ഞതോട് ഭാഗത്ത് വേനൽകാലത്ത് കുടിവെള്ളം ലഭിക്കാത്തതും വൈദ്യുതി കമ്പി ഉള്ള സ്ഥലം വരെ വഴിവിളക്കുകൾ സ്ഥാപിക്കാത്തതും കാണിച്ച് ബിജെപി പഞ്ചായത്തിനും ജില്ലാ കളക്ടർക്കും അടക്കം പലതവണ നിവേദനം നൽകിയിട്ടും പരിഗണിച്ചില്ല.
ഇപ്പോൾ അനുവദിച്ച ഇവർക്കായിട്ടുള്ള ഒരു കുടിവെള്ള പദ്ധതി അനാവശ്യമായ സാങ്കേതിക കാരണങ്ങൾ പറഞ്ഞു മുടക്കുകയാണ് എന്ന് ബിജെപി പാർലമെന്ററി പാർട്ടി നേതാവ് അരുൺ അനിരുദ്ധൻ ആരോപിച്ചു. കാടിന്റെ മക്കൾക്ക് 2500 രൂപ വീതം സഹായമായി ആഹ്വാനം ചെയ്തിട്ടുള്ള തുകയെപ്പറ്റിയും അന്വേഷിക്കേണ്ടതുണ്ട് എന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സോമൻ സുന്ദരൻപിള്ള പറഞ്ഞു. ബിജെപി പെരുനാട് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് സാനു മാമ്പാറ, 44 നമ്പർ ബൂത്ത് പ്രസിഡന്റ് രാമചന്ദ്രൻ നായർ എന്നിവർ ചേർന്നാണ് സഹായ എത്തിച്ചു നൽകിയത്.