റാന്നി: പെരുനാട് മേലേതിൽ ബാബുവിന്‍റെ ആത്മഹത്യയ്ക്ക് കാരണമായവരെ സംരക്ഷിക്കുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി പെരുനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഠത്തും മൂഴി വലിയപാലം ജംഗ്ഷനിൽ അനുസ്മരണവും പിന്നാലെ പെരുനാട് പോലീസ് സ്റ്റേഷനിലേക്ക് വാമൂടി മൗന ജാഥയും ഉപരോധവും നടത്തി. ബാബു സിപിഎം നേതാക്കളുടെ ഭീഷണി മൂലമുള്ള മാനസിക സമ്മർദ്ദം സഹിക്കാനാവാതെ ആത്മഹത്യ ചെയ്തിട്ട് സെപ്റ്റംബർ 25 ന് രണ്ടു വർഷം തികഞ്ഞിരുന്നു. സ്വന്തം പേരിലുള്ള സ്ഥലം സിപിഎം നേതാക്കന്മാരുടെ നിർദ്ദേശം അനുസരിച്ച് വിട്ടു നൽകാതിരുന്നതിനെ തുടർന്നാണ് അദ്ദേഹം ഭീഷണി നേരിട്ടതെന്നാണ് ആരോപണം. സ്ഥലം വിട്ടുനൽകുന്നതിൽ നിന്നും ഒഴിവാക്കണമെങ്കിൽ 25 ലക്ഷം രൂപ കോഴയായി നൽകണമെന്ന് നേതാക്കന്മാർ ആവശ്യപ്പെട്ടിരുന്നതായും ആരോപണം ഉയര്‍ന്നിരുന്നു.
ആത്മഹത്യാ കുറിപ്പില്‍ പേരുള്ളവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. മരണപ്പെട്ട ബാബുവിന്റെ ഭാര്യ കുസുമ കുമാരി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. പോലീസ് സ്റ്റേഷൻ ഉപരോധം ബിജെപി സംസ്ഥാന കൗൺസിൽ അംഗം പി വി അനോജ് കുമാർ ഉദ്ഘാടനം ചെയ്തു. പെരുനാട് ഏരിയ വൈസ് പ്രസിഡണ്ട് ശ്രീജന നെടുമണ്‍ അധ്യക്ഷത വഹിച്ചു. റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ, സാനു മാമ്പാറ, വസന്ത സുരേഷ്, സിജു മാടമൺ, രഘു തോട്ടുങ്കൽ, രാജൻ മാടമൺ , സിന്ധുലേഖ, ഷിബു മാമ്പാറ, രാജൻ കണ്ണനുമൺ, കലേഷ് മാടമൺ, ഹരി പതാലിൽ ,സുരേഷ് മന്നപ്പുഴ, ഓമനക്കുട്ടൻ മന്നപ്പുഴ, ഓമനക്കുട്ടൻ പെരുനാട്, ഷൈലജ എന്നിവർ പ്രസംഗിച്ചു.